തളിപ്പറമ്പ്: ചാലത്തൂർ മുക്കോണത്തു യുവാവിനു കുത്തേറ്റ സംഭവത്തിൽ എസ്ഡിപിഐ കാന്പസ് ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെ ഒൻപതുപേർക്കെതിരേ വധശ്രമത്തിന് തളിപ്പറന്പ് പോലീസ് കേസെടുത്തു. ചാലത്തൂർ സ്വദേശി പെരുവാടി വീട്ടിൽ നിധീഷിനാണു കുത്തേറ്റത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കാനഡയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു നിധീഷ്. മൂന്നു ബൈക്കുകളിലായെത്തിയ ഏഴംഗസംഘവുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയും ഇവരുടെ നിർദേശാനുസരണം ബൈക്കിലെത്തിയ രണ്ടംഗസംഘം നിധീഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധീഷ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിധീഷിന്റെ സുഹൃത്ത് ഇ. വിജേഷിന്റെ പരാതിപ്രകാരം എസ്ഡിപിഐ നേതാക്കളായ മുതുകുടയിലെ ജവാദ്, തലഹത്ത്, കാന്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ തുടങ്ങിയവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേർക്കെതിരേയാണ് കേസെടുത്തത്.
തളിപ്പറമ്പ് എസ്ഐമാരായ കെ. ദിനേശൻ, കെ.കെ. പ്രശോഭ്, പഴയങ്ങാടി എസ്ഐ പി. എ. ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.