തൃശൂർ: എറണാകുളം മഹാരാജാസ് കോളജിൽനടന്ന കൊലപാതകത്തിന്റെ മറപിടിച്ച് സിപിഎമ്മും പോലീസും രാഷ്ട്രീയ പകപോക്കൽ നടത്തുന്നുവെന്നാരോപിച്ച് എസ്ഡിപിഐ തൃശൂരിൽ പ്രതിഷേധ റാലി നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ നാസർ അടക്കം 42 പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
മഹാരാജാസ് കോളജിൽ നടന്ന സംഭവത്തിന്റെ മറവിൽ സംസ്ഥാന വ്യാപകമായി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഇന്നലെ വൈകീട്ട് 4.30ന് കോർപറേഷൻ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരംചുറ്റി സമാപിച്ചു.
തുടർന്നു നടന്ന പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. ഹുസൈൻ തങ്ങൾ, സെക്രട്ടറിമാരായ അഷ്റഫ് വടക്കൂട്ട്, സുബ്രഹ്മണ്യൻ, ട്രഷറർ ഷെമീർ ബ്രോഡ്വേ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ബി. അബൂതാഹിർ, അക്ബർ എടക്കഴിയൂർ, കബീർ പഴുന്നാന, അനീസ് കൊടുങ്ങല്ലൂർ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റു ചെയ്തത്.