ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെ ഇരിട്ടി സിഐ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റ് ചെയ്തു.
ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത്മലയില് സെബാസ്റ്റ്യന്‍ ഷാജി (27) യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.45ന് കിളിയന്തറക്ക് സമീപമുള്ള ഫിലോമിന ടീച്ചറിന്റെ വീടിന് സമീപം റോഡില്‍ കാര്‍ നിർത്തി സെബാസ്റ്റ്യൻ ഷാജി ഒരു മേല്‍വിലാസം അന്വേഷിക്കുകയും ടീച്ചര്‍ വളരെ അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തു.
ഇതിനിടയില്‍ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല കൈകൊണ്ട് പിടിച്ച് പറിച്ചു. ആരോഗ്യവതിയായ ടീച്ചറുമായുള്ള പിടിവലിക്കിടയില്‍ അഞ്ച് പവന്റെ മാല പൂര്‍ണമായും ടീച്ചറുടെ കൈവശം ഇരുന്നു. ഒരു പവനുള്ള സ്വര്‍ണക്കുരിശ് പ്രതിയുടെ കൈവശവുമായി.
ടീച്ചര്‍ ബഹളം വെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ച് പോയി. ഉടന്‍തന്നെ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും പയ്യാവൂര്‍, ശ്രീകണ്ഠാപുരം പോലീസിന് ഇത്തരത്തില്‍ ഒരു കാര്‍ ആ ഭാഗത്തേക്ക് വരുന്നതായി വിവരം നല്‍കുകയും ചെയ്തു.
കാറും പ്രതിയെയും ശ്രീകണ്ഠാപുരം പോലീസ് തടഞ്ഞപ്പോഴേക്കും പിന്നാലെയെത്തിയ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കാര്‍ഗിലില്‍ ജോലി ചെയ്തുവരുന്ന സൈനികനായ പ്രതി 40 ദിവസത്തെ അവധിക്ക് എത്തി മാടത്തിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പയ്യാവൂരില്‍ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടില്‍ കയറി ഇത്തരത്തില്‍ മാല പൊട്ടിച്ച കേസിലെ പ്രതിയും താനാണെന്ന് പ്രതി പോലീസിനോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശിയുടെ കാര്‍ മറ്റൊരാളില്‍ നിന്ന് വാടകക്കെടുത്താണ് പ്രതി കറങ്ങി നടന്നിരുന്നത്.
പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് എടുത്ത കാറിന്റെ വാടക നല്‍കിയില്ലെന്ന് മാത്രമല്ല ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്‍ തിരിച്ച് നല്കിയിരുന്നുമില്ല.
സിഐക്ക് പുറമെ എസ്ഐ സുനില്‍കുമാര്‍, സീനിയര്‍ സിവിൽ പോലീസ് ഓഫീസർ ബിനീഷ് , സിപിഒ ഷിനോയ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മുന്‍ പായം പഞ്ചായത്ത് പ്രസിഡന്റ് പരേതനായ സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ ഭാര്യയാണ് കവര്‍ച്ചക്കിരയായ ഫിലോമിന ടീച്ചര്‍.
വളരെ വോഗത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായതിന്റെ ആശ്വാസത്തിലാണ് ഇരിട്ടി പോലീസ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണക്കുരിശ് പ്രതിയില്‍ നിന്നും കണ്ടെടുത്തു.