ഉമാറിയ (മധ്യപ്രദേശ്): ജഡ്ജിക്കസേരയിലിരുന്നു സെൽഫിയെടുത്ത മധ്യപ്രദേശിലെ ട്രെയിനി പോലീസ് കോൺസ്റ്റബിളിനെതിരേ കേസ്. ഉമാറിയയിലെ പോലീസ് അക്കാഡമിയിൽ ട്രെയിനി കോൺസ്റ്റബിൾ രാം അവതാർ റാവത്താണ് സെൽഫി ഭ്രമം മൂലം അഴിയെണ്ണേണ്ട അവസ്ഥയിലായത്.
കോടതിയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് കോഠ്വാലി പോലീസ് പറഞ്ഞു.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ശനിയാഴ്ചയാണ് രാം അവതാർ യാദവ് ജഡ്ജിയുടെ മുറിയിൽ പ്രവേശിച്ചത്. അവധിസമയത്ത് ജഡ്ജിയുടെ മുറിതുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കോടതി പ്യൂൺ ശക്തിസിംഗ് അകത്തുകയറിയപ്പോൾ ജഡ്ജിക്കസരേയിലിരുന്ന് സെൽഫി എടുക്കുന്ന രാം അവതാറിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ പോലീസിന് വിളിച്ചുവരുത്തി. ഇതേത്തുടർന്നാണ് കേസ്.