കാസര്‍ഗോഡ്: വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും കാണാതായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് കാസർഗോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ സെൽജോ (34) യുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊല്ലം ഇരവിപുരം സ്വദേശിനിയും കാസര്‍ഗോഡ് ജില്ലാ സപ്ലൈ ഓഫീസിലെ താൽക്കാലിക സ്വീപ്പറുമായ പ്രമീള(30)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിൽ സെൽജോയുടെ കാമുകി എന്ന് സംശയിക്കുന്ന യുവതിക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കാമുകിയേയും പ്രതി ചേർത്തേക്കുമെന്നും സൂചനയുണ്ട്.
ചന്ദ്രഗിരിപ്പുഴയില്‍ കല്ലുകെട്ടിത്താഴ്ത്തിയതായി പറയപ്പെടുന്ന പ്രമീളയുടെ മൃതദേഹത്തിനായി പോലീസും ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും വിശദമായ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല. അഗ്നിശമനസേനയുടെ സ്കൂബാ ഡ്രൈവർമാർ ആഴത്തിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനി നാവികസേന ഉപയോഗിക്കുന്ന ഐറോവ് സ്കാനർ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്താനാണ് ആലോചിക്കുന്നത്.
വീട്ടിൽ വച്ചുണ്ടായ കൈയാങ്കളിക്കിടയിൽ പ്രമീള തലയിടിച്ച് നിലത്തുവീണതായും അല്പനേരം കഴിഞ്ഞ് നോക്കിയപ്പോൾ മരിച്ചതായി കണ്ടതായുമാണ് സെൽജോ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ക്വാർട്ടേഴ്സിൽ വിശദമായ തെളിവെടുപ്പ് നടത്തിയിട്ടും ഇതിന്റെ അടയാളങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രമീളയെ ആസൂത്രിതമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തി തെളിവുകൾ ഇല്ലാതാക്കിയതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
സെൽജോയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഇടുക്കി സ്വദേശിനി നേരത്തേ കാസർഗോഡെത്തിയിരുന്നതായും ഇയാളോടൊപ്പം ബേക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ ഈ യുവതിക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഈ യുവതിയുമായി തനിക്കുള്ള ബന്ധം മറച്ചുവച്ചുകൊണ്ട് സെൽജോ പ്രമീളയ്ക്ക് പരപുരുഷ ബന്ധമുള്ളതായി ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 19 മുതലാണ് പ്രമീളയെ കാണാതായത്. ഭാര്യ മറ്റൊരാളുടെ കൂടെ പോയതായി സംശയിക്കുന്നതായി സെൽജോ പോലീസിലും മൊഴി നൽകിയിരുന്നു.
കണ്ണൂർ ജില്ലയിലെ ആലക്കോട് മണക്കടവ് സ്വദേശിയാണ് സെൽജോ. കൊല്ലം ജില്ലയിലെ ഇരവിപുരം വാളത്തുംഗൽ വെളിയിൽ വീട്ടിൽ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകളാണ് പ്രമീള. നേരത്തേ എറണാകുളത്ത് ജോലിചെയ്തിരുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പ്രണയമായതോടെ ഇരുവരും ഒരുമിച്ച് കാസർഗോഡേക്ക് മാറുകയും പിന്നീട് രജിസ്റ്റർ വിവാഹം കഴിക്കുകയുമായിരുന്നു. വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. രണ്ടു മക്കളുമുണ്ട്.