കായംകുളം: പാർട്ടിയിൽ നിന്നും പുറത്താക്കൽ നടപടിക്ക് വിധേയനായ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപൂർവം. കായംകുളം എരുവ ചാരുംമൂട്ടിൽ വീട്ടിൽ വരിക്കപ്പള്ളി ഷാനെ(ഷാമോൻ- 27 ) യാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. നാട്ടിൽ ഒളിവിൽ കഴിഞ്ഞ ഇയാൾക്കുവേണ്ടി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു.
ഇതിനിടയിൽ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന് ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വിമാനത്തവാളങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതേ തുടർന്നാണ് കരിപ്പൂരിൽ എത്തിയ പ്രതിയെ മഫ്തിയിൽ നിലയുറച്ച പോലീസ് സംഘം പിടികൂടിയത്.
ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി കായംകുളം സിഐ അറിയിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായിരുന്ന എരുവ പടിഞ്ഞാറ് കളീക്കൽ പടീറ്റതിൽ ഷാനി (26)നാണ് രണ്ടു മാസം മുന്പ് വെട്ടേറ്റത്. പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി ഒരുവർഷത്തേക്ക് പുറത്താക്കി ഒരാഴ്ച കഴിയുന്പോഴായിരുന്നു സംഭവം.
ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.കൈവിരലുകൾ അറ്റ് തൂങ്ങിയ നിലയിൽ ഷാനിയെ പിന്നീട് എറണാകുളത്തെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതികളെ കാറിൽ രക്ഷപ്പെടുത്തിയ പങ്കജ്മേനോൻ എന്നയാളെ നേരത്തെ അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു.
പാർട്ടി നടപടിക്ക് തൊട്ടുപിന്നാലെയുണ്ടായ ആക്രമണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. കൂടാതെ വെട്ടേറ്റ ഷാനിയെ അനുകൂലിച്ചും പ്രതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും ശക്തമായിരുന്നു. സംഘത്തിലെ ബാക്കിയുള്ളവരെ പിടികൂടാനുള്ള അന്വേഷണം നടന്നുവരുകയാണന്ന് അന്വേഷണ സംഘം പറഞ്ഞു.