തിരുവനന്തപുരം : വ്യാജ കരംതീരുവ രസീത് നിർമിച്ച് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാണിക്യ വിളാകം ബദരിയ നഗര്‍ ആറ്റരികത്ത് ബീമാ മന്‍സിലില്‍ പന്നികുഴി ഷാജഹാന്(36) നെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2019ൽ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്ന് കോടതിയിൽ ഷാജഹാന് മറ്റു രണ്ടു പേരുടെ സഹായത്തോടെ മുട്ടത്തറ വില്ലേജ് ഓഫീസിന്റെ വ്യാജ കരം തീരുവ രസീത് നിർമിച്ച് കോടതിയിൽ സമർപ്പിച്ച് ജാമ്യം നേടിയെടുക്കുകയായിരുന്നു.
രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതിയിലെ ജൂണിയർ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വഞ്ചിയൂർ എസ്എച്ച്ഒ ഡിപിൻ, എസ്ഐ അനിൽകുമാർ, സിപിഒമാരായ ടിനു ബെര്‍ണാഡ്, ജോസ്, ശിവപ്രസാദ്, പ്രഭാത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.