ബാലരാമപുരം: പോലിസിൽ പരാതി നൽകാനെത്തിയ ആളെ പോലീസ് സ്റ്റേഷനകത്തു കയറി ഒരു സംഘം മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബാലരാമപുരം അഞ്ചുവന്ന തെരുവിൽ എംഎച്ച് ഷാജഹാൻ(47) ആണ് അറസ്റ്റിലായത്. ഷാജഹാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. എസ്ഡിപിഐ കോവളം നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ഷാജി മോനാണ് മർദനമേറ്റത്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഷാജഹാനും ഷാജിമോനും തമ്മിൽ പോലീസ് സ്റ്റേഷനു മുന്നിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പരാതി നൽകാനെത്തിയ ഷാജിമോനെ പോലീസ് സ്റ്റേഷനകത്തിരുന്ന് പരാതി എഴുതിക്കൊണ്ടിരിക്കെ ഡിവൈഎഫ്ഐ നേമം ഏരിയ കമ്മിറ്റി സെക്രട്ടറി സാദിഖ് അലി, സുഹൃത്ത് സക്കീർ എന്നിവർ പോലീസ് സ്റ്റേഷനകത്തു കയറി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് വാതിലിന്റെ ഗ്രിൽ അടച്ച് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഓടി രക്ഷപെട്ടു. സംഭവത്തെ തുടർന്ന് ഷാജഹാനെ ഒന്നാം പ്രതിയാക്കിയും സാദിഖ് അലി, സക്കീർ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയും കേസെടുത്തിരുന്നു.