പത്തനംതിട്ട: കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐജിയുടെ ഉത്തരവ് നിലനിൽക്കെ പത്തനംതിട്ടയിലെത്തുകയും പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ചശേഷം രക്ഷപെടുകയും ചെയ്ത പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.
പത്തനംതിട്ട ആനപ്പാറ മൂലയ്ക്കൽ പുരയിടത്തിൽ ഷാജഹാനെ(33)യാണ് പത്തനംതിട്ട സിഐ സുനിൽ കുമാർ, എസ്ഐ സനൂജ്, സിപിഒമാരായ അരുണ്‍കുമാർ, പ്രകാശ്, രാജേഷ്, അനുരാജ്, രഘുകുമാർ എന്നിവിരടങ്ങിയ സംഘം സാഹസികമായി പിടികൂടിയത്.
ജില്ലയിൽ കയറുന്നത് വിലക്കിയുള്ള ഉത്തരവ് നിലനിൽക്കുന്ന സമയത്ത് തന്നെ ഷാജഹാൻ പലപ്പോഴും പത്തനംതിട്ട ടൗണിലും പരിസരത്തും എത്തുന്നതായി പോലിസിനു രഹസ്യവിവരം ലഭിച്ചിരുന്നു. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി അടിപിടി കേസുകളിലേയും കഞ്ചാവ് കേസുകളിലേയും പ്രതിയായ ഷാജഹാനെതിരേ പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിലും നിരവധി കേസുകളുണ്ട്.
പത്തനംതിട്ട ടൗണിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക്് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിലെ പ്രധാന കണ്ണിയായിരുന്നു ഇയാളെന്ന് പോലിസ് പറയുന്നു. സ്ഥിരമായി വാൾ, വടിവാൾ തുടങ്ങിയ ആയുധവുമായി സഞ്ചരിച്ചിരുന്ന ഷാജഹാൻ പലപ്പോഴും എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു പതിവ്. അറസ്റ്റ് ചെയ്ത ഇയാളെ സ്ഥലത്തെത്തിച്ച് വിവിധ കേസുകളിൽ തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.