കൊച്ചി: മലപ്പുറം സദേശിനിയും മോഡലുമായ യുവതിയെ മദ്യത്തിലും ശീതളപാനീയത്തിലും മയക്കുമരുന്ന് കലര്‍ത്തി നല്കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പള്ളുരുത്തി ചിറയ്ക്കല്‍ ബ്രിഡ്ജിനു സമീപം വാട്ടര്‍ ലാന്‍ഡ് റോഡില്‍ ആഷ്നാ മന്‍സിലില്‍ ഷമീറി(46)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇടുക്കിയില്‍ പോയി മടങ്ങുംവഴി ഇയാളെ ആലുവയില്‍വച്ചാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ലോഡ്ജ് ഉടമ തമിഴ്നാട് സ്വദേശി ക്രിസ്റ്റീന മാത്രമാണ് ഇനി പിടിയിലാകാനുള്ളത്.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നു വരെ ഇടച്ചിറയിലുള്ള ക്രിസ്റ്റീന ലോഡ്ജില്‍ പൂട്ടിയിട്ടാണ് യുവതിയെ പ്രതികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്.
കാക്കനാട് ഫോട്ടോഷൂട്ടിനായി എത്തിയ യുവതിക്ക് മുന്‍ പരിചയക്കാരനായ സലിംകുമാറാണ് താമസിക്കുന്നതിന് ലോഡ്ജില്‍ താമസസൗകര്യം ഒരുക്കി നല്‍കിയത്.
പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് അജ്മല്‍, ഷമീര്‍, സലിംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യത്തിലും ശീതളപാനീയത്തിലും മയക്കുമരുന്ന് കലര്‍ത്തി നല്കി യുവതിയെ കൂട്ടബലാസംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് യുവതി ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. കേസിലെ മറ്റു പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.