കോട്ടയം: വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു ഗാന്ധിനഗർ പോലീസ്. കുമാരനല്ലൂർ വലിയാലുംചുവട് കുറൂരില്ലത്ത് സരളാ ദേവി(70)യെയാണു അയൽവാസി പടിഞ്ഞാറേ വീട്ടിൽ ഷണ്മുഖൻ (55) തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു ഷണ്മുഖനെ ഇന്നലെ തന്നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷണ്മുഖൻ സരളാദേവിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഷൺമുഖനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുരിങ്ങയില പറിയ്ക്കാനാണെന്നു പറഞ്ഞ് ഷണ്മുഖൻ സരളാ ദേവിയുടെ വീട്ടിൽ എത്തി. സരളാദേവി മുരിങ്ങയില പറിച്ചു നൽകുന്നതിനിടയിൽ പിന്നിൽനിന്നു പേരക്കന്പു കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഒന്നിൽ കൂടുതൽ തവണ തലയ്ക്കും ദേഹത്തും അടിച്ചു.
നിലവിളി കേട്ട് എത്തിയ ഓട്ടോ ഡ്രൈവറാണ് സരളാദേവിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. തലയിൽ 40 തുന്നലുണ്ടെന്ന് പോലീസ് പറഞ്ഞു. രാത്രി ഒന്പതു മണിയോടെയാണ് പ്രതിയെ ഗാന്ധിനഗർ എസ്ഐ എം.എസ്. ഷിബുവിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
മുന്പു വീടിനു സമീപത്തെ പേരമരത്തിന്റെ കന്പ് മുറിച്ചതിന്റെ പേരിൽ ഷണ്മുഖനോട് സരളാദേവി കയർത്തു സംസാരിച്ചതിലുള്ള വിരോധമാണ് തലയ്ക്കടിച്ചതിനു കാരണമെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. പക്ഷേ പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
ഷണ്മുഖനെ ഇന്നു കോടതിയിൽ ഹാജരാക്കും.