തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നേമം സോണൽ ഓഫീസിലെ സൂപ്രണ്ട് ശാന്തിയെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ച ശാന്തിയുടെ അപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കൂടാതെ ശാന്തിയോട് ഹാജരാകാൻ പോലീസും നോട്ടീസ് നൽകിയിരുന്നു.
ഇതേ തുടർന്ന് ഇന്ന് രാവിലെ നേമം പോലീസ് സ്റ്റേഷനിലെത്തിയ ശാന്തിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ നികുതി തട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
നേമം, ശ്രീകാര്യം, ആറ്റിപ്ര സോണൽ ഓഫീസുകളിലാണ് നികുതി വെട്ടിപ്പ് നടന്നതായി കോർപ്പറേഷനിലെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 33.5 ലക്ഷത്തിൽപരം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കണ്ടെ ത്തിയതിനെ തുടർന്ന് ഏഴ് ജീവനക്കാരെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തിരുന്നു.
നികുതി തട്ടിപ്പിനെതിരെ കോണ്‍ഗ്രസും ബിജെപിയും സമരം ആരംഭിച്ചതിനെ തുടർന്നാണ് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് തുടങ്ങിയത്.
നികുതി തട്ടിപ്പ്ിനെതിരെ കോണ്‍ഗ്രസും ബിജെപിയും മുന്നോട്ട് വച്ച നിർദേശങ്ങൾ കോർപ്പറേഷൻ ഭരണസമിതി തള്ളിയതിനെ തുടർന്ന് അനിശ്ചിതകാല നിരാഹാരവും ധർണയും നടന്ന് വരികയാണ്.