കാസർഗോഡ്: ഒന്നര വയസുകാരന് പൊതുകിണറ്റില് വീണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (30)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ഇവരുടെ മകന് സ്വാതിക്കിനെ വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില് വീണ നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ബാബു രാവിലെ ജോലിക്കുപോയതിനു ശേഷമാണ് കുട്ടിയെ കാണാതായത്.
അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ശാരദയെ കര്‍ണാടക പുത്തൂരിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ആരോഗ്യം വീണ്ടെടുത്ത ശേഷം കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മൂന്നുവര്‍ഷം മുമ്പാണ് ബാബുവും ശാരദയും വിവാഹിതരായത്.
ഇവരുടെ ഏക മകനാണ് മരിച്ച സ്വാതിക്. കുറച്ചുനാളായി ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു.