കാസര്‍ഗോഡ്: നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച അന്തര്‍സംസ്ഥാന സംഘത്തിലെ കണ്ണി കാസര്‍ഗോഡ് പോലീസിന്റെ പിടിയിലായി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷറഫുദ്ദീ(29)നാണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 13 വീതം എടിഎം കാര്‍ഡുകളും പാസ്ബുക്കുകളും രണ്ട് സിം കാര്‍ഡുകളും നിരവധി പിന് നമ്പറുകളും കണ്ടെടുത്തു.
മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ റാസിഖിന്റെ പരാതിയിലാണ് പോലീസ് ഷറഫുദ്ദീനെ വലയില്‍ കുരുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷറഫുദ്ദീന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞാണ് റാസിഖിനെ സ്വാധീനിച്ചത്. ഇതിനായി റാസിഖ് സ്വന്തം പേരില്‍ പുതിയൊരു മൊബൈല്‍ സിംകാര്‍ഡ് എടുക്കുകയും മംഗളൂരുവിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു.
അക്കൗണ്ട് വിവരങ്ങളും പാസ്ബുക്കും എടിഎം കാര്‍ഡും സിമ്മും ഷറഫുദ്ദീന് കൈമാറി. പ്രതിഫലമായി 3000 രൂപ ഷറഫുദ്ദീന് നല്‍കുകയും ചെയ്തു. നാളുകള്‍ കഴിഞ്ഞിട്ടും ഇവ ഉപയോഗിച്ച് എന്തു ബിസിനസാണ് നടത്തുന്നതെന്ന് ഷറഫുദ്ദീന് വ്യക്തമാക്കാതിരുന്നതോടെ തന്റെ വിവരങ്ങള്‍ അനധികൃതമായി എന്തെങ്കിലും കാര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുമെന്നു ഭയന്ന റാസിഖ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കേരളത്തില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് മറ്റു സംസ്ഥാനങ്ങളിലെ സംഘങ്ങള്‍ക്ക് കൈമാറുന്ന സംഘത്തിലെ അംഗമാണ് ഷറഫുദ്ദീനെന്ന് പോലീസ് പറയുന്നു. കേരളത്തില്‍ നിന്ന് നൂറുകണക്കിന് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. മറ്റു സംസ്ഥാനങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതുപോലുള്ള കാര്യങ്ങള്‍ക്കാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്.