തിരുവില്വാമല: കുടുംബ വഴക്കിനെ തുടർന്ന് പതിനൊന്നുകാരിയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം ചേലക്കോട്ട് വിജയൻ(50)നെയാണ് പഴയന്നൂർ സിഐ ശ്യാം അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാട്ടുകുളം ചേലക്കോട് സുരേഷിന്റെ മകൾ അർച്ചനക്കാണ്(11) വെട്ടേറ്റത്.
തലക്ക് പരിക്കേറ്റ കുട്ടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയെ വെട്ടി പരിക്കേൽപിച്ച പ്രതി വിജയൻ കുട്ടിയുടെ അമ്മവനാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിൽ ഒറ്റപ്പാലം ആശുപത്രിയിലായിരുന്നു.
അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാൾക്കെതിരെ അർച്ചനയുടെ അമ്മയും വിജയന്റെ ഭാര്യയും പഴയന്നൂർ പോലീസിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പെണ്‍കുട്ടിയെ മഴുകൊണ്ട് വെട്ടുകയായിരുന്നു. സിഐയോടൊപ്പം എസ്ഐമാരായ ബാബു, ഷെയിക്ക് ഹമീദ്, സിപിഒ രതീഷ് എന്നിവരും ഉണ്ടായിരുന്നു.