കണ്ണൂർ: ഇൻഷ്വറൻസ് കന്പനിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനി കാൾടെക്സ് ബ്രാഞ്ചിലെ ജീവനക്കാരിയും എളയാവൂർ സൗത്തിലെ പുതിയ തോട്ടത്തിനു സമീപം ഒട്ടുംചാലിൽ ടി. ഷീബ (38)യെയാണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനിയിലെ സീനിയർ മാനേജർ സജീവിന്റെ പരാതിപ്രകാരമാണ് യുവതി അറസ്റ്റിലായത്.
ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷഫീഖ് വാങ്ങിയ കെഎൽ 13 ഇസഡ് 0735 എന്ന നന്പർ കാറിന്റെ ഇൻഷ്വറൻസ് അടയ്ക്കാൻ വേണ്ടി ഇരിട്ടിയിലെ യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനിയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചറിയുന്നത്.2017-18 കാലയളവിൽ ഇൻഷ്വറൻസ് തുക അടച്ചിട്ടില്ലെന്ന് ഇൻഷ്വറൻസ് കന്പനി പറഞ്ഞപ്പോൾ ഈ തുക താൻ കണ്ണൂർ കാൾടെക്സ് ബ്രാഞ്ചിലെ യുണൈറ്റഡ് ഇൻഷ്വറൻസ് ജീവനക്കാരിയായ ഷീബയുടെ പക്കൽ അടച്ചതായി ജീവനക്കാരോട് പറഞ്ഞു.
തുടർന്ന് ഇൻഷ്വറൻസ് പേപ്പർ കണ്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്.പത്ത് വർഷമായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനിയുടെ കാൽടെക്സ് ബ്രാഞ്ചിൽ പോർട്ടർ ഓഫീസറായി ജോലി ചെയ്തുവരികയാണ് ഷീബ. മൂന്നുവർഷമായി ഉപഭോക്താക്കളുടെ ഇൻഷ്വറൻസ് തുക അടയ്ക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.
ഉപഭോക്താക്കളിൽനിന്ന് പണം വാങ്ങിയശേഷം ഇൻഷ്വറൻസ് കന്പനിയുടെ സൈറ്റിൽപോയി കന്പനി അക്കൗണ്ട് ഓപ്പൺ ചെയ്യും. ഉപഭോക്താക്കളുടെ പേരും ഡീറ്റെൽസുമെല്ലാം നൽകിയ ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. എന്നിട്ട് അതിന്റെ പ്രന്റ് എടുത്തിട്ട് അതിൽ കോർട്ട് ഫീ സ്റ്റാന്പൊട്ടിച്ച് ഇൻഷ്വറൻസ് പേപ്പർ നൽകും.
ഷിയ ബസ് ഉടമ മുഹമ്മദ് ശിഹാബ് ഇബ്രാഹിന്റെ ബിഎംഡബ്ല്യു കാറിന്റെ ഇൻഷ്വറൻസ് അടയ്ക്കാനുള്ള 45,219 രൂപയും തട്ടിയെടുത്തു. ഷീബ നടത്തിയ കൂടുതൽ പണം തട്ടിപ്പുക്കളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.