കോഴഞ്ചേരി: വാടകയ്ക്ക് വാഹനങ്ങളെടുത്ത് മറിച്ചു വില്പന നടത്തി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. അയിരൂർ പുതിയകാവ് കുളത്തിങ്കൽ വാകനിൽക്കുന്നകാലായിൽ ഷീല അലക്സാണ്ടറാണ് (47) അറസ്റ്റിലായത്.
കോട്ടയം പാന്പാടി ആലുമൂട്ടിൽ ബേബിച്ചൻ ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള എത്തിയോസ് വാഹനം 2017 നവംബറിൽ 20,000 രൂപ പ്രതിമാസ വാടക ഉറപ്പിച്ച് വാടകയ്ക്കെടുക്കുകയായിരുന്നു.
വാടക മുടങ്ങുകയും വാഹനം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് ഉടമ പോലീസിനെ സമീപിച്ചത്. പോലീസ് അന്വേഷണത്തിൽ ഇവർ പത്തിലധികം വാഹനങ്ങൾ ഇത്തരത്തിൽ വാടകയ്ക്ക് എടുത്ത് വില്പന നടത്തിയിട്ടുള്ളതായി കണ്ടെത്തി.
കോയിപ്രം എസ്എച്ച്ഒ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സിവിൽ പോലീസ് ഓഫീസർ രാജേഷ്, വനിത ഓഫീസർ ഉഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.