തൃപ്പൂണിത്തുറ: വീട്ടമ്മയെ കബളിപ്പിച്ച് 3000 രൂപയും സ്വർണ കമ്മലുമായി കടന്നുകളഞ്ഞ പ്രതിയെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി സ്വദേശി തൈപറമ്പിൽ ഷെഫീഖ് (35)നെയാണ് ഉദയംപേരൂർ എസ്ഐ ജിൻസൻ ഡൊമിനിക് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിൽ ഉദയംപേരൂരിൽ താമസിക്കുന്ന സാവിത്രി എന്ന വീട്ടമ്മയുടെ വീട്ടിൽ ചെന്ന് പ്രതി ബാങ്ക് ഉദ്യോഗസ്ഥനാണെന്നും 140000 രൂപ ട്രഷറിയിൽനിന്നു വന്നിട്ടുണ്ടെന്നും
അത് ലഭിക്കുന്നതിനായി ഏഴായിരം രൂപ ഉടനെ അടക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽനിന്നു 3000 രൂപയും സ്വർണ കമ്മലും വാങ്ങി കടന്നുകളയുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം വീട്ടമ്മ താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയപ്പോൾ ഉദയംപേരൂർ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ ഇതിനു മുമ്പും ഉദയംപേരൂർ പനച്ചിക്കലിൽ ഒരു സ്ത്രീയെ കബളിപ്പിച്ചതിന് കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.