വെള്ളറട: പാസ്റ്റര്‍ ചമഞ്ഞ് വീട്ടമ്മമാരില്‍ നിന്ന് പണംതട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. ദിവസങ്ങള്‍ക്കു മുന്‍പ് കുന്നത്തുകാല്‍ ആലുവിളയില്‍ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ വെള്ളറട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കാഞ്ഞിരംകുളത്തെ വീട്ടില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കാഞ്ഞിരംകുളം ചാണി പണ്ടാരവിള കാനാന്‍ ഹൗസില്‍ ഷിബു എസ്. നായര്‍ (42) പിടിയിലായത്.
അതിര്‍ത്തി പ്രദേശത്ത് സ്ഥിരം തട്ടിപ്പുകാരനായ ഇയാളുടെ പേരില്‍ പൊഴിയൂര്‍, കാഞ്ഞിരംകുളം, വെള്ളറട, ആര്യന്‍കോട്, മാരായമുട്ടം, നെയ്യാര്‍ഡാം, പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കുന്നത്തുകാലിലും പരിസര പ്രദേശത്തും വൈദികവേഷത്തില്‍ ഇയാള്‍ മുന്‍പും തട്ടിപ്പ് നടത്തിയിരുന്നു.
ജനുവരി 29 നാണ് കുന്നത്തുകാല്‍ ആലുവിളയില്‍ നിര്‍ധനയായ വീട്ടമ്മ തട്ടിപ്പിനിരയായത്. സമീപത്തെ ഇടവകയിലെ വൈദികൻ എന്ന് പറഞ്ഞാണ് ഷിബു എത്തിയത്.
ഇടവകയില്‍ നിന്ന് ഭവനനിര്‍മാണത്തിന് ധനസഹായം 15,00000/(പതിനഞ്ചു ലക്ഷം) രൂപ ശാന്തയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് കബളിപ്പിച്ചത്.
പതിനഞ്ചു ലക്ഷം കൈമാറുന്നതിനു മുന്നോടിയായി മറ്റു ചെലവുകളുണ്ടെന്നും അതിന്റെ ആവശ്യത്തിലേയ്ക്കായി മുന്‍കൂറായി 14700/(പതിനാലായിരത്തി എഴുനൂറ്) രൂപ അടയ്ക്കണം എന്നും ആവശ്യപ്പെട്ടു.
നിര്‍ധനയായ വീട്ടമ്മ അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങി നല്കിയ പണവുമായി അര മണിക്കൂറിനുള്ളില്‍ വരാമെന്നു പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു.
ഇതിന് മുമ്പും പ്രദേശത്ത് സമാന രീതിയില്‍ തട്ടിപ്പു നടന്നിട്ടുണ്ട്. ആടുവാങ്ങി നല്‍കാമെന്നും വീടുവച്ചു നല്‍കാമെന്നും വാഗ്ദാനം നല്കി പണവും ആഭരണവും കവര്‍ന്ന സംഭവങ്ങള്‍ നിരവധി ഉണ്ടെങ്കിലുംതന്ത്രപരമായി രക്ഷപ്പെടുകയാണ് പതിവ്.
വെള്ളറട പോലീസ് പരിധിയിലെ തട്ടിപ്പ് നടത്തി ആഴ്ചക്കുള്ളില്‍ പ്രതി വലയിലാകുകയായിരുന്നു. എസ്എച്ച്ഒ മൃദുൽകുമാര്‍, എസ്ഐ ഉണ്ണികൃഷ്ണന്, എസ്സിപിഒ ദീപു എസ്. കുമാര്‍, സിപിഒ സജിന്‍, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.