വിഴിഞ്ഞം: കഞ്ചാവ് വില്പന സംഘങ്ങൾ തമ്മിൽ രാത്രിയിൽ ഏറ്റുമുട്ടി. വിവരം അന്വേഷിച്ചുപോയ പോലീസിനു നേരെ ആക്രമണം. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ ഒരു പോലീസുകാരന് പരിക്കേറ്റു.
പ്രതികളിൽ ഒരാളെ പിടികൂടി. ഇന്നലെ രാത്രി എട്ടോടെ വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം.പാലത്തിനു സമീപം പത്തോളം വരുന്ന ഒരു സംഘം യുവാക്കൾ ഏറ്റുമുട്ടുന്നതായി നാട്ടുകാർ പോലീസിൽ അറിയിച്ചു.
അഡീഷണൽ എസ്ഐ അജിത്കുമാറും പോലീസുകാരായ ദീപു, സാജൻ എന്നിവർ ഉടൻ തന്നെ അടിമലത്തുറയിൽ എത്തി. പോലീസ് ജീപ്പ് കണ്ട് കുറച്ചുപേർ ഇരുളിൽ ഓടി മറഞ്ഞെങ്കിലും പുല്ലുവിള സ്വദേശി ഷിബു ഉൾപ്പെടെ ചിലർ പോലീസിനെ വെല്ലുവിളിച്ചു .
ഷിബുവിനെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം കൊണ്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു.
കോൺസ്റ്റബിൾ ദീപുവിന്റെ ഇടതു കൈക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്ന് കൂടുതൽ പോലീസ് എത്തി പ്രതിയായ ഷിബുവിനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. പരിക്കേറ്റ ദീപു വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.