ചങ്ങനാശേരി: കുറുന്പനാടം പുന്നാംചിറയിൽ വീട് തല്ലിത്തകർത്ത് വീട്ടുകാരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പുന്നാംചിറ കൊല്ലംപറന്പ് ഷിന്റോ മാത്യു(22) നാട്ടുകാരുടെ സ്വൈര്യജീവിതം കെടുത്തുന്നയാളെന്ന് പോലീസ്. കഞ്ചാവ് വില്പനയും ക്വട്ടേഷൻ അക്രമവുമാണ് പ്രധാന പരിപാടി. എതിർക്കുന്നവരെ സംഘംചേർന്ന് ആക്രമിക്കും. ഇതിനോടകം കഞ്ചാവ്, വീടാക്രമണം ഉൾപ്പെടെ ആറു കേസുകളിൽ പ്രതിയാണ്. ഇയാളെക്കുറിച്ചുള്ള പരാതി കേട്ട് പോലീസും മടുത്തു.
ഗുണ്ടാ ആക്ടുപ്രകാരം ഇയാളുടെ പേരിൽ കാപ്പ ചുമത്തുമെന്ന് തൃക്കൊടിത്താനം സിഐ സാജു വർഗീസ് പറഞ്ഞു.
കഞ്ചാവ് വില്പന എതിർത്തതിനാണ് പുന്നാംചിറ ഭാഗത്ത് കൈനിക്കര വീട്ടിൽ ജസ്റ്റിന്റെ വീട് മൂന്നംഗസംഘം തല്ലിത്തകർത്തത്. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ജസ്റ്റിൻ(48), മാതാവ് മേരിക്കുട്ടി (73), മക്കളായ ആബേൽ, (17), ജോണിച്ചൻ (15) എന്നിവരെയും ആക്രമിച്ചിരുന്നു.
തൃക്കൊടിത്താനം സിഐ സാജു വർഗീസ്, പ്രിൻസിപ്പൽ എസ്ഐ എം.ജെ.ഐജു, എസ് ഐമാരായ ടി.എൻ.ശ്രീകുമാർ, എൻ.എം.സാബു, സിപിഒ ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരുവനന്തപുരത്തുനിന്നും അറസ്റ്റു ചെയ്തത്. ഷിന്റോയ്ക്ക് ഒപ്പം അക്രമത്തിന് നേതൃത്വം നൽകിയ പുന്നാംചിറ സ്വദേശികളായ ഡാനി, വൈശാഖ് എന്നിവർ ഒളിവിലാണെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ഗുണ്ടാനിയമപ്രകാരം തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്ത സബിജിത്തിന്റെ സുഹൃത്താണ് ഷിന്റോയെന്നും തൃക്കൊടിത്താനം സിഐ പറഞ്ഞു.