എരുമേലി: വിദഗ്ദമായി പ്ലാൻ ചെയ്തു മോഷണം നടത്താൻ ശ്രമിച്ചിട്ടും സിസി ടിവി ചതിച്ചു. എരുമേലി പോലീസ് സ്റ്റേഷനിലെ ഹൈടെക് സെൽ വിഭാഗം ഉദ്യോഗസ്ഥന്റെ സംശയം പ്രതിയെ അഴിക്കുള്ളിലാക്കി. എരുമേലി കുറുവാമൂഴി പീടിയേക്കൽ ഷിനു വർഗീസ് (42) ആണ് പോലീസ് പിടിയിലായത്. യുവതിയുടെ മാലാ പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഈരാറ്റുപേട്ട സ്വദേശിനിയും എരുമേലി സർക്കാർ ആശുപത്രിയിലെ കോവിഡ് വാക്സിനേഷൻ യുണിറ്റിലെ ജീവനക്കാരിയുമായ അനുജ (22) യുടെ കഴുത്തിൽനിന്നാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. എരുമേലി പോലീസ് സ്റ്റേഷനും സർക്കാർ ആശുപത്രിക്കും അടുത്തുള്ള ഇടവഴിയിലായിരുന്നു മോഷണ ശ്രമം.
മാലയിൽ കടന്നു പിടിച്ച കള്ളനോട് അനുജ മല്ലിട്ടതോടെ തോറ്റു പി·ാറി. തുടർന്നു കള്ളൻ ഓടി രക്ഷപെടുകയായിരുന്നു. ഉടൻ തന്നെ അനുജ പോലീസിൽ പരാതിപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലം സിസി ടിവി ദൃശ്യങ്ങളില്ലാത്തത് വെല്ലുവിളിയായിരുന്നു.
തുടർന്നു സമീപ റോഡുകളിലെയും പ്രദേശങ്ങളിലേയും സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇടവഴിയുടെ അടുത്തുള്ള ദേവസ്വം മൈതാനത്ത് ഒരു യുവാവ് ബൈക്ക് പാർക്കു ചെയ്ത ശേഷം നടന്ന് പോകുന്നതും ഏറെ സമയം കഴിഞ്ഞ് മെയിൻ റോഡിൽ ഇതേ യുവാവ് ഓട്ടോറിക്ഷയിൽ മറ്റൊരു ഷർട്ട് ധരിച്ചെത്തി ബൈക്ക് ഓടിച്ചു പോകുന്ന ദൃശ്യവും ഹൈടെക് സെല്ലിലെ പോലീസുകാരൻ ഇടകടത്തി സ്വദേശി കെ.എൻ. അനീഷിനു സംശയം സൃഷ്ടിച്ചു.
ബൈക്കിൽ വന്ന ശേഷം നടന്ന് ഇടവഴിയിലെത്തി മാല പറിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ എതിർ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ബൈക്ക് എടുക്കാൻ വരുന്പോൾ പിടിക്കപ്പെടാതിരിക്കാൻ ഷർട്ട് മാറ്റി ധരിച്ച് ഓട്ടോയിൽ എത്തിയതാണെന്നു പോലീസുകാരൻ സംശയിച്ചു. ഇതോടെ ഓട്ടോയുടെ നന്പർ പരിശോധിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആദ്യം നിഷേധിച്ച ഡ്രൈവർ കാമറയിലെ ദൃശ്യങ്ങൾ കണ്ടതോടെ സത്യം പറഞ്ഞു. ഡ്രൈവർ നൽകിയ മൊഴിയെ തുടർന്നാണ് ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയായ ഷിനു വർഗീസ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തു.
ബൈക്കിൽ മുളകു പൊടി സൂക്ഷിച്ചത് മോഷണം നടത്താൻ പ്രതി തയാറെടുപ്പ് നടത്തിയെന്നാണ് വ്യക്തമാക്കുന്നതെന്നു പോലീസ് പറയുന്നു. സ്റ്റേഷനിലെത്തി പ്രതിയെ അനുജ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.