കോട്ടയം: മണർകാട് തിരുവഞ്ചൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധിയിൽ അകത്തായത് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ്.
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ സിബിയെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 65 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ തിരുവഞ്ചൂർ, മണർകാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്നു കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം സിബി കഞ്ചാവുമായി എത്തിയതായി കണ്ടെത്തിയത്.
തുടർന്നു കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി. നായരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഈ സമയം കഞ്ചാവുമായി എത്തിയ സിബിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പരിശോധനകൾക്ക് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗവും കോട്ടയം എക്സൈസ് ഇന്റലിജൻസ് വിഭാഗം അസി. ഇൻസ്പെക്ടറുമായ ഫിലിപ്പ് തോമസ്, എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ജി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർ ശ്രീകാന്ത്, എക്സൈസ് ഡ്രൈവർ അനസ് സി.കെ എന്നിവർ നേതൃത്വം നൽകി.