കാട്ടാക്കട : വനിതാ പോലീസുകാർക്ക് ഉൾപ്പടെ സ്ത്രീകൾ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും അശ്ലീല മെസ്സേജ് ഇട്ട വിരുതനെ കാട്ടാക്കട പോലീസ് പിടികൂടിയതോടെ വെളിവാകുന്നത് വമ്പൻ റാക്കറ്റ്.
കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിലിൽ സിദ്ദീഖ്( 26) ആണ് ഇന്നലെ പിടിയിലായതത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നിരവധി പേർ വ്യാജ ഐഡിയിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി കണ്ടെത്തി.
അറസ്റ്റിലായ സിദ്ദിഖ് പത്തനംതിട്ട, കോട്ടയം തമ്പാനൂർ എന്നിവിടങ്ങളിലെ നിരവധി കേസ്സുകളിലെ പ്രതിയും തലസ്ഥാനത്തെ ഒരു പോക്സോ കേസ്സിലെ പ്രതിയുമാണ്. ഇക്കൂട്ടർക്ക് ് പെൺവാണിഭവുമായി ബന്ധമുണ്ടോ എന്നതും പോലീസ് സംശയിക്കുന്നു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. സിദ്ദീഖിന് പുറമേ മറ്റ് പ്രധാന കക്ഷികളും ഇതിലുണ്ടെന്ന് സൂചന കിട്ടി.
പല പേരുകളിൽ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളുണ്ടാക്കി സ്ത്രീകളെ കേന്ദ്രീകരിച്ചു അശ്ലീല സന്ദേശം അയക്കുന്ന സംഘം പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു . തുടർന്ന് ചതികുഴികളിൽ പെടാതിരിക്കാനായി സ്ത്രീകൾക്ക് ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് അറിയിപ്പുകൾ നൽകാനായി എസ് പി യുടെ പ്രത്യേക നിർദേശ പ്രകാരം ആലുവയിലെ വനിതാ പോലീസുകാരുടെ കൂട്ടായ്മയായി ഫേസ് ബുക്ക് ഗ്രൂപ്പ് ആരംഭിക്കുകയും ഇതിലൂടെ സ്ത്രീകൾക്ക് ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ച് വിവരങ്ങളും അറിയിപ്പുകളും നൽകിയിരുന്നു .
വ്യാജ പ്രൊഫൈലുകളിലൂടെ സിദ്ധിഖ് ഉൾപ്പെടുന്ന സംഘം കടന്നു കൂടുകയും കമന്റുകൾക്കും പോസ്റ്റുകൾക്കും സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും പതിവാക്കി. ഗ്രൂപിലെ അംഗങ്ങൾക്ക് അശ്ലീല സന്ദേശങ്ങളും മറ്റും അയക്കുകയും ചെയ്തു.കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് ഇവർ പോലീസുകാർ നിയന്ത്രിക്കുന്ന ഗ്രൂപ്പ് ആണെന്ന് അറിഞ്ഞു കൊണ്ട് പോസ്റ്റ് ചെയ്തിരുന്നത് .
വനിതാ പോലീസുകാരുടെ പാരതിയെ തുടർന്ന് വ്യാജ പ്രൊഫൈലുകളിൽ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ സൈബർ സെൽ സഹായത്തോടെ ശേഖരിക്കുകയും ചെയ്തു.തുടർന്നാണ് സിദ്ധിഖിന്റെ വിവരങ്ങൾ കാട്ടാക്കട പോലീസിനു കൈമാറിയതും പോലിസ് തന്ത്രപരമായി വലയിലാക്കിയതും.
സംഘത്തിലെ മറ്റൊരു പ്രതിയെപ്പറ്റി പോലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആലുവ പോലിസ് എത്തുന്നതോടെ പ്രതിയെ കാട്ടാക്കട പോലിസ് കൈമാറും.കൂടുതൽ അന്വേഷണം ആലുവ പോലീസിന്റെ നേതൃത്വത്തിൽ നടക്കും.
തങ്ങൾ കാട്ടാക്കടയിലും സമീപത്തും സ്ത്രീകളെ പ്രത്യേകിച്ച് പോലീസുകാരെ നിയന്ത്രിക്കുന്നവരാണ് എന്ന് പോസ്റ്റ് വന്നതോടെയാണ് ഇവർ ആരാണെന്ന് സൂചന കിട്ടിയത.് തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെയാണ് കാട്ടാക്കടയ്ക്ക് സമീപം ചക്കിപ്പാറയിൽ ഉള്ള ആളെന്ന് മനസിലായതും കാട്ടാക്കട എസ്.ഐയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. കാട്ടാക്കട ഇൻസ്പെക്ടർസജൻ, സിപിഓ മാരായ ഷാജി, പ്രദീപ് ബാബു എന്നിവരാണ് ഇയാളുടെ വീടിനു സമീപത്തു നിന്നും തന്ത്രപരമായി കുടുക്കിയത്