കുന്നംകുളം: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് അന്യസംസ്ഥാനത്തുനിന്നും ആളുകളെ കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പെങ്ങാമുക്ക് സ്വദേശിനി ചെറുപറന്പിൽ സജീവിന്റെ ഭാര്യ സിന്ധുവിനെ (42) യാണ് കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തത്.
കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആളുകളെ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് പച്ചക്കറി കയറ്റിവരുന്ന വാഹനങ്ങളിലും മറ്റും കടത്തുന്നതിന് ഏജന്റായി പ്രവർത്തിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
അതിർത്തി വഴി ചരക്കുവാഹനങ്ങളിൽ വൻതുക കൈപ്പറ്റി ആളുകളെ അതിർത്തി കടത്തുന്ന വാർത്ത ഒരു ഓണ്‍ലൈൻ ചാനൽ പുറത്ത് കൊണ്ടുവന്നിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്തയാൾ സിന്ധുവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണവും ഓണ്‍ലൈൻ ചാനൽ പുറത്തുവിട്ടിരുന്നു.
തമിഴ് നാട്ടിലുള്ള ബാബു എന്ന ഏജന്റിന്റെ കൈവശം പണം നൽകിയാൽ പച്ചക്കറി വാഹനങ്ങളിൽ ഒളിച്ചു കടത്താനുള്ള സഹായം ലഭ്യമാക്കുന്നതിനു നേതൃത്വം നൽകിയിരുന്നത് സിന്ധുവായിരുന്നുവെന്നും ഓണ്‍ലൈൻ ചാനലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്നാണ് ലോക്ക് ഡൗണ്‍ നിർദേശങ്ങളുടെ ലംഘനം നടത്തിയതിന് ഇവരെ അറസ്റ്റുചെയ്തത്. വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിയിരുന്നത് .
സാമൂഹ്യ സേവനത്തിന്റെ മറവിൽ ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത് എന്നും പറയുന്നു. ഇത്തരത്തിൽ മുൻപും, പ്രതിയുടെ നേതൃത്വത്തിൽ ആളുകളെ അതിർത്തി കടത്തിയിട്ടുണ്ടോ എന്നുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
എസ്ഐമാരായ ഇ. ബാബു, വി.എസ്. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ സനൽ കൃഷ്ണകുമാർ, വീരജ, ഷിബിൻ എന്നിവരുംപ്രതിയെ അറസ്റ്റുചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.