പെരിന്തല്‍മണ്ണ: വ്യാജതിരിച്ചറിയല്‍ രേഖകളുണ്ടാക്കി മൊബൈല്‍ കമ്പനികളില്‍ നിന്നു വന്‍തോതില്‍ സിം കാര്‍ഡുകള്‍ വാങ്ങി വില്‍പ്പന നടത്തിയ മൊബൈല്‍ ഷോപ്പ് ഉടമയും സഹായിയും പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍. പെരിന്തല്‍മണ്ണ വലമ്പൂര്‍ സ്വദേശികളായ ഉള്ളാട്ടില്‍ റഷീദ് (24), തച്ചന്‍കുന്നന്‍ അഹമ്മദ് സജീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണയില്‍ ഊട്ടി റോഡിലുള്ള സ്മാര്‍ട്ട് മൊബൈല്‍സ് എന്ന സ്ഥാപനം നടത്തുന്ന പ്രതികള്‍ വ്യാജരേഖകളുപയോഗിച്ചാണ് ടാറ്റാ ഡോകോമോയില്‍ നിന്നും ഇരുനൂറിലധികം സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചത്. മൊബൈല്‍ കമ്പനികള്‍ ഫ്രീയായിട്ടോ കുറഞ്ഞ വിലയ്ക്കോ കടകളിലേക്ക് നല്കുന്ന സിംകാര്‍ഡുകള്‍ പ്രതികള്‍ ഇരുനൂറു മുതല്‍ മുന്നൂറു രൂപയ്ക്കാണ് ആളുകള്‍ക്ക് നല്‍കിയിരുന്നത്.
കൂടുതല്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയാല്‍ മൊബൈല്‍ കമ്പനികളില്‍ നിന്നു പല ഓഫറുകളും നല്‍കിയിരുന്നു. അവ കൈക്കലാക്കുന്നതിനു വേണ്ടി മറ്റുള്ളവരുടെ പേരില്‍ വ്യാജമായി അപേക്ഷയുണ്ടാക്കി വ്യാജ തിരിച്ചറിയല്‍ രേഖകളും വച്ച് സിംകാര്ഡിനുള്ള അപേക്ഷ നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇരുനൂറിലധികം ടാറ്റാ ഡോകോമോ സിംകാര്‍ഡുകള്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് പല സിംകാര്‍ഡുകളും എടുത്തത്. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തതില്‍ സിംകാര്‍ഡുകള്‍ എടുക്കുന്നതിനു വേണ്ടി ആളുകള്‍ നല്കുന്ന തിരിച്ചറിയല്‍ രേഖകളുടെയും ഫോട്ടോകളുടെയും കൂടുതല്‍ കോപ്പികളെടുത്ത് സിംകാര്‍ഡുകളെടുത്ത് കടയില്‍ സൂക്ഷിച്ചുവയ്ക്കും. തുടര്‍ന്നു രേഖകളില്ലാതെ വരുന്നവര്‍ക്കു ഇത്തരത്തില്‍ കടയില്‍ നേരത്തെ എടുത്തുവച്ചിരിക്കുന്ന സിംകാര്‍ഡാണ് നല്‍കുന്നത്.
മലപ്പുറത്തുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍ വഴി ഇത്തരത്തില്‍ വ്യാജ സിംകാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് മഫ്തിയില്‍ സിംകാര്‍ഡിനു വേണ്ടി സമീപിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് 200 രൂപയ്ക്ക് ഐഡി പ്രൂഫോ രേഖകളോ ഒന്നും നല്‍കാതെ സിംകാര്‍ഡു ഇവര്‍ നല്കി.
തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ കട്ടുപ്പാറ സ്വദേശിയായ ഒരാള്‍ക്ക് തന്റെ ഐ.ഡിയിലില്ലാത്ത സിം കാര്‍ഡ് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്മാര്‍ട്ട് മൊബൈല്‍സ് എന്ന സ്ഥാപനത്തിലൂടെ വില്‍പ്പന നടത്തിയ എല്ലാ സിംകാര്‍ഡുകളും പരിശോധിക്കുമെന്നും പ്രതികളെ കൂടുതല്‍ അന്വേഷണത്തിനു വേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്നും പ്രത്യേക അന്വേഷണ സംഘത്തലവനായ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് അറിയിച്ചു.
ഡിവൈഎസ്പി, സി.ഐ സാജു കെ. അബ്രഹാം എന്നിവരെ കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ എം.സി.പ്രമോദ്, എഎസ്ഐ പി.മോഹന്‍ദാസ്, പി.എന്‍.മോഹനകൃഷ്ണന്, സി.പി.മുരളി, എന്‍.ടി.കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, അഭിലാഷ്, നിബിന്‍ദാസ്, ഷബീര്‍, ദിനേശ്, ജയമണി, ഫൈസല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അതേസമയം പെരിന്തല്‍മണ്ണയില്‍ വ്യാജ ഐ.ഡി പ്രൂഫില്‍ സിംകാര്‍ഡുകള്‍ വില്‍പ്പന നടത്തിയത് പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ അഭിനന്ദിച്ചു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലും മൊബൈല്‍ ഷോപ്പുകളില്‍ പരിശോധന ശക്തമാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.