തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെംബർ കുരുവിള കോശിക്ക് നേരേയുണ്ടായ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. നിരണം കിഴക്കുമുറി ഇല്ലത്തുപറമ്പിൽ സിനുകുമാറാ (39) ണ് അറസ്റ്റിലായത്. ആക്രമണത്തിന് ഉപയോഗിച്ചശേഷം പ്രതികൾ തട്ടാരമ്പലത്തേക്ക് കടക്കാൻ ശ്രമിച്ച ഇന്നോവ കാർ പാണ്ടനാട് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഘം ചേർന്ന് പഞ്ചായത്തംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മർദനത്തിൽ സാരമായി പരിക്കേറ്റ കുരുവിള കോശി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ടിനാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.
വീടിന് പുറത്തേക്ക് വിളിച്ച് വരുത്തിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. പുളിക്കീഴ് സിഐ ടി. രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.