പിറവം: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വീട്ടിൽ എത്തിയത് വാക്കത്തിയുമായി. വട്ടപറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്യാമളകുമാരി (54) യാണ് കൊല്ലപ്പെട്ടത്.
പ്രതിയായ കക്കാട് സ്വദേശി ശിവരാമൻ പോലീസിന്റെ കസ്റ്റഡിയിലാണ്. പിറവം പോലീസ് സ്റ്റേഷനിൽ നിന്നും 250 മീറ്റർ അകലെ ഇന്നലെ ഉച്ചയോടെ സംഭവമുണ്ടായത്.
പ്രതിയുമായി വീട്ടമ്മയ്ക്കു മുൻപരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതാണന്നാണ് പോലീസ് നൽകുന്ന സൂചന.
ദേഹമാസകലം വെട്ടുകയും കുത്തുകയും ചെയ്തിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശ്യാമളയുടെ വീട്ടിൽ ഓട്ടോറിക്ഷയിലാണ് പ്രതിയെത്തിയത്. ഇതിനു ശേഷം ശ്യാമളയും ശിവരാമനുമായി തർക്കമുണ്ടായതായി കരുതുന്നു.
വീടിനുള്ളിൽ സാധാനങ്ങൾ അലങ്കോലപ്പെട്ടാണു കാണപ്പെട്ടത്. മൃതദേഹം വീടിന്റെ പിൻവശത്തെ മുറ്റത്താണ് കിടന്നത്. സംഭവത്തിനു ശേഷം ശിവരാമൻ ശ്യാമളയുടെ ഫോണിൽനിന്നും മകൾ ധന്യയെ വിളിച്ച് വിവരം പറഞ്ഞു.
മകൾ ഉടനെ സഹോദരൻ അശ്വിനെ അറിയിക്കുകയും ചെയ്തു. അശ്വൻ എത്തിയപ്പോൾ മാതാവിനെ മരിച്ച നിലയിലാണ് കണ്ടത്. ഈ സമയം പ്രതി പോലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയ വിവരം പറഞ്ഞ് കീഴടങ്ങിയിരുന്നു.
ശ്യാമളയും ശിവരാമനും മൂന്നു വർഷമായി പരിചയമുള്ളതായി പറയുന്നു. ശ്യാമളയുടെ മകൾ ധന്യ പോസ്റ്റൽ ഓഫീസിൽ ജീവനക്കാരിയാണ്. മകൻ അശ്വിനൊപ്പമാണ് ശ്യാമള താമസിച്ചിരുന്നത്. പ്രതിക്കു ഭാര്യയും രണ്ട് മക്കളുമുണ്ട്.
കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കാരം നടത്തും.