ശ്രീകണ്ഠപുരം(കണ്ണൂർ): ആടിനെ വില്പനയ്ക്ക് ചോദിച്ചപ്പോൾ നൽകാത്ത വിരോധത്തിൽ സംഘം ചേർന്ന് മോഷണം നടത്തിയ സംഘം ഒടുവിൽ പോലീസിന്റെ പിടിയിൽ. ചെങ്ങളായി ചേരൻകുന്നിലായിരുന്നു സംഭവം. ചെങ്ങളായി അരിന്പ്ര സ്വദേശികളായ നടുക്കുന്നുമ്മൽ പുതിയപുരയിൽ സിയാദ് (28), കൊവുപ്രത്തെ നടുവിലകത്ത് റഷീദ് (36), ഷഫീഖ് (30) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ. നാരായണനും സംഘവും അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ചെങ്ങളായിയിലെ സഹദാസിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ചേരൻകുന്നിലെ തൈവളപ്പിൽ ഇബ്രാഹിമിന്റെ നാല് ആടുകളെയാണ് സംഘം മോഷ്ടിച്ചത്. കഴിഞ്ഞ മൂന്നിന് അർധരാത്രിയിലായിരുന്നു സംഭവം. സിയാദ് ആടിനെ വാങ്ങി വില്പന നടത്തുന്ന ആളാണ്. മോഷണത്തിന് ഒരാഴ്ച മുമ്പ് സിയാദും ഷഫീഖും ഇബ്രാഹിമിനോട് ആടിനെ തങ്ങൾക്ക് വിൽക്കുന്നോ എന്നു ചോദിച്ചിരുന്നു. ആട്ടിൻ പാൽവിറ്റ് ഉപജീവനം നടത്തുന്ന ഇബ്രാഹിം ഇവർ പറഞ്ഞ തുച്ഛമായ തുകയ്ക്ക് അടിനെ നൽകാൻ തയാറായില്ല.
ഇതിന്റെ വിരോധത്തിൽ സംഘം ചേർന്ന് കൂടിന്റെ പൂട്ട് തകർത്ത് ആടുകളെ മോഷ്ടിച്ചു കടത്തുകയായിരുന്നു. സഹദാസിന്റെ മാരുതി സ്വിഫ്റ്റ് കാറിലാണ് ആടുകളെ കൊണ്ടുപോയത്. ഇതിനിടെ ചെങ്ങളായി ടൗണിൽ വച്ച് കാർ കേടായി. കാർ നന്നാക്കി പോകുന്നതിനിടെ മടമ്പത്ത് വച്ച് വീണ്ടും തകരാറിലായി. ഇതേത്തുടർന്ന് റഷീദിന്റെ ഓട്ടോറിക്ഷയിൽ ആടുകളെ സഹദാസിന്റെ ഇരിക്കൂറിലെ ഭാര്യ വീട്ടിലെത്തിച്ചു. ഇവിടുന്ന് രാത്രി കണ്ണൂർ സിറ്റിയിൽ കോണ്ടുപോയി വില്പന നടത്തുകയായിരുന്നു.
ഇബ്രാഹിമിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ചെങ്ങളായിയിൽ കഴിഞ്ഞ നാലിനു രാത്രി അസമയത്ത് കണ്ട കാറിനെക്കറിച്ച് നാട്ടുകാർ നൽകിയ വിവരമാണ് പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിന് പോലീസിനെ സഹായിച്ചത്. ഇന്നലെ പുലർച്ചെ ശ്രീകണ്ഠപുരം ടൗണിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളെ തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ആടുകളെ കണ്ണൂർ സിറ്റിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. എഎസ്ഐ കുഞ്ഞിനാരായണൻ, സിവിൽ പോലീസ് ഓഫീസർ നൗഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.