ചങ്ങനാശേരി: ഒറ്റ രാത്രിയിൽ മൂന്നു പോലീസ് സ്റ്റേഷനുകൾക്കുനേരേ ബൈക്കിലെത്തി കല്ലെറിഞ്ഞ രണ്ടംഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ; മറ്റൊരാളെ പോലീസ് തെരയുന്നു.
വാലടി സ്വദേശിയായ സൂരജി(20)നെയാണ് കൈനടി പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം എന്നയാളെ പോലീസ് തെരയുന്നു. കഴിഞ്ഞ 11-ന് രാത്രി 11-ന് കറുകച്ചാൽ, 11.30-ന് ചങ്ങനാശേരി, 12-ന് കൈനടി പോലീസ് സ്റ്റേഷനുകൾക്കുനേരെയാണ് അക്രമമുണ്ടായത്.
ബൈക്കിലെത്തിയ ഇവർ സ്റ്റേഷനുകൾക്കുമുന്പിൽ ബൈക്ക് നിർത്തിയശേഷം കൈയിൽ കരുതിയിരുന്ന കല്ലുകൾ സ്റ്റേഷനുകൾക്കു നേരേ എറിയുകയായിരുന്നു. കല്ലേറിൽ കറുകച്ചാൽ സ്റ്റേഷന്റെ ജനൽചില്ലു തകർന്നിരുന്നു. ചങ്ങനാശേരിയിലെത്തിയ സംഘം സ്റ്റേഷനുമുന്പിൽ ഇറങ്ങിനിന്ന് കല്ലെറിയുകയായിരുന്നു.
പാറാവുഡ്യൂട്ടിയിലുണ്ടായിരുന്നയാൾ ഇറങ്ങിവന്നപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ചങ്ങനാശേരി സ്റ്റേഷനിലെ പാറാവുകാരൻ കണ്ടതുപ്രകാരം പ്രതികളുടെ രേഖാചിത്രം തയാറാക്കി ഇതരപോലീസ് സ്റ്റേഷനുകളിൽ നൽകുകയും മൊബൈൽ ടവർ സംബന്ധിച്ച് പരിശോധന നടത്തുകയുംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്.
കൈനടി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയാണ് വാലടിയിൽനിന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് വാടകതാമസക്കാരനായ ശ്യാമിനെ ചങ്ങനാശേരി പോലീസ് അന്വേഷിച്ചുവരുന്നു.
സൂരജിനെ ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കും. സർക്കാർ ഓഫീസിനുനേരേ അക്രമം, കടന്നുകയറ്റം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുപ്രകാരമാണു കേസെടുത്തിരിക്കുന്നത്.