ശാസ്താംകോട്ട: ഒളിവിൽ പോയ പ്രതിയെ 25 വർഷത്തിനുശേഷം അറസ്റ്റുചെയ്തു. 1994 ൽ മലനട ക്ഷേത്രത്തിലെ ഉൽസവത്തിന് ഡ്യൂട്ടിയിലുണ്ടായ പോലീസിനെ അക്രമിച്ച കേസിലെ പ്രതി ശാസ്താംനട കീഴൂട്ട് വീട്ടിൽ ശ്രീധരൻപിള്ള (63) യെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഇയാൾ നാടുവിട്ട് പോവുകയായിരുന്നു.25 വർഷമായി പ്രതിയെ പറ്റി യാതൊരു വിവരവും ഇല്ലാത്തതിനാൽ ശസ്താംകോട്ട കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ ഇടുക്കിയിലെ മറയൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ശൂരനാട് പോലീസ് മറയൂർ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റൊരു പേരിൽ മറയൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് കുടുംബമായി താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ശൂരനാട് സി ഐ ജയചന്ദ്രൻ പിള്ള, എസ് ഐ ശ്രീജിത്, അരുൺകുമാർ, നൗഷാദ്, വിനയൻ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.