പേരൂര്‍ക്കട: ബേക്കറി സാധനങ്ങള്‍ വില്‍ക്കുന്നയാളെ ഭീഷണിപ്പെടുത്തി പണം പിടിച്ചു പറിച്ചയാളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ സ്വദേശി ശ്രീജിത്ത് (ഉണ്ണി -32) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.
വഴയില ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയിലെത്തിയ പ്രതി ഇവിടെ മധുരപലഹാരങ്ങള്‍ എത്തിച്ചുവരുന്ന തമിഴ്നാട്ടുകാരനായ മലയപ്പനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 1000 രൂപ പിടിച്ചു പറിച്ചു. മലയപ്പന് ഇതിനെ എതിര്‍ത്തതോടെ ശ്രീജിത്ത് ഇയാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചശേഷം സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പേരൂര്‍ക്കട പോലീസ് ശ്രീജിത്തിനെ അന്വേഷിച്ച് അമ്പലമുക്കിലെ രണ്ടു ബാറുകളില്‍ എത്തി. പണവും അപഹരിച്ച് പ്രതി ഇവിടെയെത്തുമെന്ന ധാരണയിലായിരുന്നു ഇത്. അമ്പലമുക്കിലെ പഞ്ചവടി ബാറില്‍ ശ്രീജിത്ത് ഇരിക്കുന്നതുകണ്ട് എസ്ഐ സമ്പത്തും സംഘവും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു.
ഇതിനിടെ പ്രതി ബാറില്‍ നിന്ന് ഇറങ്ങിയോടി. പോലീസുകാര്‍ ഇയാള്‍ക്കു പിറകേ ഓടി കീഴ്പ്പെടുത്തുകയായിരുന്നു. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നിരവധി തവണ പിടിയിലായിട്ടുള്ളയാളാണ് ശ്രീജിത്ത് എന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.