കൊച്ചി: റോഡരികിൽ കിടന്നുറങ്ങുന്നവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കോട്ടുവള്ളി ദേവസ്വംപറന്പിൽ ശ്രീക്കുട്ടൻ (46) ആണ് അറസ്റ്റിലായത്. സുഭാഷ് പാർക്കിനു സമീപത്തു നിന്നാണ് ഇയാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശി ബാലസുബ്രഹ്മണ്യന്റെ ബാഗ് മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ബാഗ് മോഷ്ടിക്കുന്നത് ബാലസുബ്രഹ്മണ്യന്റെ സമീപത്ത് കിടന്നയാൾ കണ്ടു. തുടർന്ന് ഇയാൾ ബാഗുമെടുത്ത് ഓടി മറഞ്ഞു.
എസിപി കെ. ലാൽജി, സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, സിപിഒമാരായ അരുൾ, ഫ്രാളിൻ, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.