കോട്ടയം: കാസർഗോഡ് ഉപ്പളയിൽനിന്നു കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ പതിനാറുകാരനെ റെയിൽവേ പോലീസ് പിടികൂടി വീട്ടുകാരെ ഏൽപ്പിച്ചു. നാടുകാണാനിറങ്ങിയതാണെന്ന് ബാലൻ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 5.45നു കോട്ടയത്തെത്തിയ മലബാർ എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത പതിനാറുകാരനെ ചോദ്യം ചെയ്തപ്പോഴാണു വീടുവിട്ടു പോന്നതാണെന്ന് വ്യക്തമായത്.
റെയിൽവേ എസ്ഐ ബിൻസ് ജോസഫും സീനിയൽ സിവിൽ പോലീസ് ഓഫീസർ രാജ്മോഹനും ചേർന്നു കുട്ടിയെ റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിവരങ്ങൾ ചോദിച്ചപ്പോൾ ഇടയ്ക്ക് ഇങ്ങനെ നാടുകാണാൻ പോകാറുണ്ടെന്നു കുട്ടി പറഞ്ഞത്.
ഏഴു മക്കളിൽ ഇളയവാണ് ബാലൻ. അച്ഛന് ടിപ്പർ സ്വന്തമായുണ്ട്. ഒരു മാസം മുൻപ് യാത്ര ബാംഗ്ലൂരിലേക്കായിരുന്നു. ഇക്കുറി കോട്ടയത്തെത്തിയപ്പോൾ റെയിൽവേ പോലീസ് പിടികൂടി. പോലീസ് സ്റ്റേഷനിൽ ബാലന് ഇഡലിയും മറ്റും വാങ്ങിക്കൊടുത്ത ശേഷം വീട്ടുകാരെ വിളിച്ചറിയിച്ചു. പിറ്റേന്ന് വീട്ടുകാരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വീട്ടുകാർ വരാൻ വൈകിയപ്പോൾ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.
കുട്ടികൾ വീടുവിട്ടു ട്രെയിനിൽ യാത്ര ചെയ്യുന്നത് സ്ഥിരം സംഭവമായി മാറിയതായി റെയിൽവേ പോലീസ് വ്യക്തമാക്കി. കുട്ടികളെ കിട്ടിയാൽ പോലീസിന്റെ പക്കൽനിന്നു പണം നഷ്ടമാകുമെന്നും ഇവർ പറയുന്നു.കുട്ടികളെ ജുവനൈൽ ഹോമിലേക്ക് പോലീസ് വാഹനത്തിൽ കൊണ്ടുപോകാൻ പടില്ല എന്നാണ് നിയമം. അതിനാൽ ഓട്ടോയിലാണ് ഇവരെ ജുവനൈൽ ഹോമിൽ എത്തിക്കുക. ഓട്ടോ ചാർജിനു പുറമെ ഭക്ഷണത്തിനുള്ള തുകയും പോലീസ് കണ്ടെത്തണം.