ചവറ: പണം ആവശ്യപ്പെട്ട് ചവറയിലുള്ള കുടിവെള്ള കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബി ജെ പി നേതാവിന്റെ ഫോൺ സംഭാഷണം പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോണ് സംഭാഷണമാണ് പരിശോധിക്കുക. ബിജെപി ജില്ലാ ക്ഷണിതാവായിരുന്ന ചവറ മേനാന്പള്ളി ഇലവുംതറയിൽ സുഭാഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രചരിക്കുന്നത് സുഭാഷിന്റെ ശബ്ദമാണോ എന്ന് ഒത്ത് നോക്കുമെന്നും ഇതിനെ തുടർന്നായിരിക്കും കൂടുതൽ നടപടികൾ എന്നും പോലീസ് പറഞ്ഞു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചവറ പോലീസ് കേസെടുത്തത്. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇയാളോട് ആവശ്യപ്പെട്ടുവെങ്കിലും സുഭാഷ് അതിന് തയാറായില്ല .
ഇതിനെ തുടർന്ന് വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കൂടുതൽ മൊഴി എടുക്കുമെന്നാണ് സൂചന.