പരവൂർ : ഉത്സവ സ്ഥലത്തേക്ക് കാറോടിച്ച് കയറ്റിയ സംഘത്തെ തടഞ്ഞ പോലീസുകാർക്ക് മർദനം. കൊല്ലം എആർ ക്യാന്പിലെ പോലീസുകാരായ ശ്യാം, ഗോപകുമാർ, രാജേഷ് എന്നിവർക്കാണ് മർദനനവും അടിയുമേറ്റത്. ഇന്നലെ രാത്രിയിൽ പരവൂർ പുന്നക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം.
കാറിലെത്തിയ പുന്നക്കുളം സ്വദേശികളായ ചിന്തു,സുഭാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന ആനഗോപാലൻ എന്നുവിളിക്കുന്ന ബിനേഷും മറ്റൊരാളും ഒളിവിലാണ്.ഉത്സവം നടന്ന സ്ഥലത്തേക്ക് സംഘം മദ്യലഹരിയിൽ കാറോടിച്ച് കയറ്റാൻ ശ്രമിക്കവെ ക്ഷേത്രഭാരവാഹികൾ തടയുകയായിരുന്നു.
ഇവരെ നിയന്ത്രിക്കാനെത്തിയ പോലീസുകാരിൽ ഒരാളെ സംഘം സമീപത്തെ കടയിലേക്ക് തള്ളിയിടുകയും ചെയ്തു.
ഒളിവിൽ പോയവർ ഉടൻ പിടിയിലാകുമെന്ന് പരവൂർ പോലീസ് പറഞ്ഞു. അക്രമികളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.