വടകര: ചീട്ടുകളിച്ചും പലിശക്കു കൊടുത്തും കോടികണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം സ്വന്തമാക്കിയ ആളെ വടകര ഡിവൈഎസ്പി കെ.സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പതിയാരക്കര മാങ്ങിൽകൈയിൽ ആഷിഖ് മഹലിൽ നാസർ (49) ആണ് വലയിലായത്. ലക്ഷക്കണക്കിനു രൂപയും രണ്ടു കോടിയുടെ സ്ഥിരനിക്ഷേപ രേഖകളും പിടിച്ചെടുത്തു. മുമ്പുചുമട്ടു തൊഴിലെടുത്ത ഇയാളുടെ പക്കൽ ഇത്രയേറെ സമ്പാദ്യമുണ്ടെന്നത് ഏവരേയും അന്പരപ്പിച്ചു.
ഡിവൈഎസ്പിയുടെ ഷാഡോ പോലീസ് സംഘത്തെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് ഇയാൾ കുടുങ്ങിയതും കോടികളുടെ സന്പാദ്യം കണ്ടെത്തിയതും. വടകര റെയിൽവെ സ്റ്റേഷനു സമീപത്തെ ഐസ് റോഡിലൂടെ മഫ്റ്റിയിലുള്ള ഷാഡോ പോലീസുകാരായ രണ്ടു പേർ നടന്നു വരുന്നതു കണ്ടപ്പോൾ ഇയാൾ ഓടുകയായിരുന്നു. സംശയം തോന്നിയ പോലിസ് പിന്തുടർന്നു പിടികൂടിയപ്പോൾ ഇയാളുടെ പക്കൽ നിന്നു രണ്ടു ലക്ഷത്തി പതിനായിരം രൂപ കണ്ടെടുത്തു.
താൻ ബാങ്കിൽ നിന്നു പിൻവലിച്ചതാണെന്നായിരുന്നു വിശദീകരണം. ഇതു സംബന്ധിച്ച രേഖകൾ ചോദിച്ചപ്പോൾ നാസർ കൈമലർത്തി. മഫ്റ്റിയിലുള്ള പോലീസുകാർ തന്റെ പണം തട്ടിപ്പറിക്കാൻ വന്നതാണെന്നു നാട്ടുകരോട് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് താൻ ചീട്ടുകളിച്ചതിലൂടെ ലഭിച്ച പണമാണെന്നു പറഞ്ഞത്. പിന്നീട് ഡിവൈഎസ്പിയും സംഘവും ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്ന് എണ്പത്തി മൂവായിരം രൂപയും വടകരയിലെ രണ്ടു സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച രണ്ടുകോടി രൂപയുടെ ബോണ്ടുകളും കണ്ടെടുത്തു. ഇത്രയേറെ സന്പാദ്യം പോലീസിനെ വിസ്മയിപ്പിച്ചു.
വടകര റെയിൽവെ സ്റ്റേഷനിലെ ഗുഡ്സ് ഷെഡിലെ ലോഡിംഗ ് തൊഴിലാളിയായിരുന്ന നാസർ അസുഖത്തെതുടർന്ന് ജോലിക്കു പോകാറില്ല. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലാണ് ഇത്രയും തുക സ്വന്തമാക്കിയത്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും പോയി ചീട്ടുകളിക്കാറുണ്ടെന്നു പറയുന്നു. ഇത്ര ചെറിയ കാലത്തിനുള്ളിൽ ഇത്രയും തുക നേടാനാവുമോ എന്ന സംശയം പോലീസിനുണ്ട്. ആരുടെയെങ്കിലും ബിനാമി ആണോ എന്ന ചോദ്യവും ഉയർന്നു. ചീട്ടുകളിക്കന്പക്കാരായ പ്രവാസികളെ കബളിപ്പിച്ച് പണം തട്ടിയതാവാനും സാധ്യതയുണ്ടെന്നു കരുതുന്നു.
ഇയാൾ വൻതോതിൽ പലിശക്കു പണം കൊടുക്കാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഐസ് റോഡിലേയും പരിസരത്തേയും ലോറിക്കാർ ഉൾപെടെയുള്ളവർക്ക് കൊള്ളപലശിക്ക് പണം നൽകാറുണ്ട്. ശനിയാഴ്ച അയ്യായിരം രൂപ നൽകുകയും അടുത്ത ശനിയാഴ്ച ആറായിരം രൂപയായി തിരികെ കിട്ടുകയും വേണമെന്നതാണ് ഇയാളുടെ രീതി. ഇതിനു വാക്കാലുള്ള ഉറപ്പല്ലാതെ രേഖകളൊന്നുമില്ല. പറഞ്ഞ ദിവസം ആറായിരം തിരികെ കിട്ടിയില്ലെങ്കിൽ പിറ്റേന്നു രാവിലെ നാസർ ആളുടെ വീട്ടിലെത്തിയിരിക്കും. നാണം കെടുത്തി പണം തിരിച്ചുവാങ്ങുകയും ചെയ്യും.
വടകര സഹകരണ റൂറൽ ബാങ്കിലും നടക്കുതാഴ സർവീസ് സഹകരണ ബാങ്കിലും നിക്ഷേപിച്ചതിന്റെ രേഖകളാണ് നാസറിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത്. രണ്ടു കോടിയുടെ നിക്ഷേപം നടത്തിയതിനു നൂറിലേറെ ബോണ്ടുകളാണ് ഇയാളുടെ കൈവശമുള്ളത്. പണവും രേഖകളും പിടിച്ചെടുത്ത പോലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. തുടരന്വേഷണത്തിന് എൻഫോഴ്സമെന്റിനു കൈമാറേണ്ടതുണ്ട്. ഇതിന് കോടതിക്ക് അപേക്ഷ നൽകുമെന്ന് ഡിവൈഎസ്പി അറിയിച്ചു.