ഒറ്റപ്പാലം: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഭവത്തിൽ പോലീസ് വ്യാപക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മായന്നൂർ കൊണ്ടാഴി പാറമേൽപടി പള്ളുത്തിപ്പാറ മണ്ണിയംകാട്ടിൽ എം.ബി.സുധീറിനെ (44) ദിവസങ്ങൾക്കുമുന്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. കുളപ്പുള്ളി ശ്രീദുർഗയിൽ ശശിധരൻ നല്കിയ പരാതിയെതുടർന്നായിരുന്നു അറസ്റ്റ്.
സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഇവരുടെ കേസ് സുപ്രീംകോടതിയിൽനിന്നും തീർപ്പാക്കി നല്കാമെന്നു വാഗ്ദാനം ചെയ്ത് പ്രതി 6,05,000 രൂപ കൈപ്പറ്റുകയായിരുന്നു.കുളപ്പുള്ളിയിൽ വ്യാപാരസ്ഥാപനം നടത്തുന്ന സ്ത്രീയിൽനിന്നും ബാങ്ക് വായ്പ വാങ്ങിത്തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചും ഇയാൾ 90,000 രൂപ തട്ടിയെടുത്തിരുന്നു.
ഇതിനുപുറമേ ആർമിയിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് രണ്ടുപേരിൽനിന്നുമായി ഒരു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിരുന്നു. കൊട്ടാരക്കര സ്വദേശിയായ പ്രതി വർഷങ്ങൾക്കുമുന്പാണ് കൊണ്ടാഴിയിൽ എത്തിയത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിക്കെതിരേ എറണാകുളം, ചേലക്കര, വടക്കാഞ്ചേരി, പഴയന്നൂർ, മലപ്പുറം എന്നിവിടങ്ങളിൽ കേസുണ്ടെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും ഇയാൾക്കെതിരേ കേസുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഇതാണ് അന്വേഷണം വ്യാപിപ്പിക്കാൻ കാരണം.റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസ് തീരുമാനം.