കൊല്ലം: വിധവയും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമായ സ്ത്രീയെ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. പത്തനാപുരം പിറവന്തൂര്‍ കറവൂര്‍ വെരുകുഴി സുനിതാവിലാസത്തില് മോനായി എന്ന സുനീഷി(33)നെയാണ് കൊല്ലം മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ആര് രാമബാബു ശിക്ഷിച്ചത്.
കറവൂര്‍ വിദ്യാഭവനില്‍ ബിനുവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴതുകയില്‍ തൊണ്ണൂറായിരം രൂപ കൊലപ്പെട്ട ബിനുവിന്റെ അവകാശികള്‍ക്ക് വീതിച്ച് നല്കാന് ജഡ്ജി ഉത്തരവിട്ടു.നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത ബിനുവിനെ വെട്ടിപ്പരിക്കേല്‍പിച്ചതിന് സുനീഷിനെതിരെ പത്തനാപുരം പോലീസ് കേസെടുത്തിരുന്നു.
ഈ കേസ് രാജിയാകണമെന്ന് പ്രതി നിരന്തരം ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാതിരുന്നതിന്റെ വിരോധത്തില്‍ ബിനു ജോലിസ്ഥലത്തേക്ക് പോകവെ വെരുകുഴി എന്ന സ്ഥലത്തുള്ള റബ്ബര്‍തോട്ടത്തില്‍ വച്ച് പിന്നാലെ ചെന്ന് തലയ്ക്കിടിച്ച് വീഴ്ത്തുകയും തലമുടിക്ക് കുത്തിപ്പിടിച്ച് മുഖം നിലത്തുരച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. 2013 മെയ് 29നാണ് കേസിനാസ്പദമായ സംഭവം.
ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയമായ തെളിവുകളുടെയും അടിസ്ഥാനത്തിലും കൊല്ലപ്പെട്ട ബിനുവിന്റെ രണ്ട് പെണ്മക്കളുടെയും അയല്‍വാസിയായ പെണ്‍കുട്ടിയുടെയും മറ്റും മൊഴികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന് വാദത്തിന്റെ യും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എന്‍ രാജന്‍പിള്ള കോടതിയില്‍ ഹാജരായി.