വൈപ്പിന്‍: ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെറായി കാവുങ്കല്‍ സുധീഷി(39)നെയാണ് ഭാര്യ പ്രിയ(31)യുടെ പരാതിയെ തുടർന്ന് മുനന്പം പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായ പൊള്ളലേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം 30ന് മദ്യപിച്ച് വീട്ടിലെത്തിയ ഇലക്ട്രീഷ്യനായ പ്രതി ഭാര്യയെ ചീത്തവിളിച്ച് ദേഹോപദ്രവം ചെയ്യുകയും അടുപ്പത്ത് വച്ചിരുന്ന പാത്രത്തിലെ തിളച്ചിരുന്ന വെള്ളമെടുത്ത് ദേഹത്തേക്ക് ഒഴിക്കുകയുമാണ് ചെയ്തത്.
തോൾഭാഗം, നെഞ്ച്, പുറം എന്നിവിടങ്ങളിലാണ് പൊള്ളേലേറ്റിരിക്കുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സിച്ച ഡോക്ടറോട് യഥാര്‍ഥ കാരണം പറയാതെ അപകടം പറ്റിയതാണെന്നാണ് പറഞ്ഞതത്രേ. തുടര്‍ന്ന് ഇന്നലെ ഒരു ബന്ധുവിനോട് കാര്യം പറയുകയും പിന്നീട് പരാതി നല്കുയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പരാതി ലഭിച്ചുടനെ കേസ് എടുത്ത് മുനമ്പം സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.കെ. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2018ല്‍ മൂന്ന് വയസുകാരനായ മകനെ കാലില്‍ തൂക്കിയെറിഞ്ഞ സംഭവത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റിലായി ജയിലില്‍ പോയ പ്രതി മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിട്ടയച്ചതാണത്രേ. തുടര്‍ന്ന് എത്തിയ പ്രതി ഭാര്യയെ നിരന്തരം പീഡിപ്പിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു.