കിളിമാനൂർ : പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതിയെ കിളിമാനൂർ പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു .
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ , എരൂർ കൊച്ചേരിയിൽ വീട്ടിൽ മനോഹരൻപിള്ളയുടെ മകൻ സുജിത്ത് (39) ആണ് പോലീസിന്റെ പിടിയിലായത്.
വീട്ടിലും പരിസര പ്രദേശങ്ങളിലും നിൽക്കുന്ന പ്രായമായ സ്ത്രീകളുടെയടുത്ത് പരിചയക്കാരനെ പോലെ എത്തി ആക്രമിച്ച് മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ ആഴ്ച പഴയകുന്നുമ്മേൽ വില്ലേജിൽ മേലേ പുതിയ കാവ് കലാഭവനിൽ വീടിന്റെ മുറ്റത്ത് നിന്ന എഴുപത് വയസുള്ള ചന്ദ്രികയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിൽ വീണ് ചന്ദ്രികയുടെ കൈ ഒടിഞ്ഞിരുന്നു.
പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന ഇരുചക്ര വാഹനത്തിൽ ഇയാൾ രക്ഷപ്പെട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കിളിമാനൂർ വില്ലേജിൽ അയ്യപ്പൻകാവ് നഗർ കുന്നുവിളവീട്ടിൽ 85 വയസുള്ള പൊന്നമ്മയെ ആക്രമിച്ച് മാലപൊട്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞു.
മാലപൊട്ടിക്കാനായി ഇയാൾ ഉപയോഗിച്ച ടു വീലർ പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച് എറണാകുളത്തേക്കും അവിടെ നിന്നും തൃശൂരിലേയ്ക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു.
മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മാല പിടിച്ചുപറി, വാഹനമോഷണം, പോക്സോ, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകൾ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , കോട്ടയം , എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിലവിലുണ്ട്.
അടൂർ പോലീസ് രജിസ്ട്രർ ചെയ്ത മാലപൊട്ടിക്കൽ കേസ്സിൽ ജയിലിൽ ആയിരുന്ന സുജിത് മാസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. നേരത്തെ കിളിമാനൂർ ചൂട്ടയിൽ ഭാഗത്ത് ടു വീലർ വർക്ക്ഷോപ്പ് നടത്തിയിരുന്ന ഇയാൾ ഇരുചക്ര വാഹനമോഷണത്തിലും വിദഗ്ധനാണ്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങിയാൽ മറ്റ് മാലപൊട്ടിക്കൽ കേസുകൾ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കിളിമാനൂർ എസ്ഐ എസ്.സനൂജ് , എസ്ഐ വിജിത് കെ. നായർ , ടി.കെ ഷാജി, എഎസ്ഐ ഷജീം സിപിഒമാരായ റിയാസ് ദിനേശ്, കിരൺ, ഷിജു ഡാൻസാഥ് ടീമിലെ സബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ , എഎസ്ഐ ബി.ദിലീപ് , ഷിജു ,വിനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.