പുതുനഗരം : കഴിഞ്ഞ ഒരു വർഷക്കാലമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജനങ്ങളുടെയും പോലീസിനെയും ഉറക്കം കെടുത്തി നിരന്തരം മോഷണം നടത്തിയ കണ്ണന്പ്ര സുലൈമാൻ എന്ന മോഷ്ടാവിനെ പുതുനഗരം പോലീസ് അറസ്റ്റ് ചെയ്തു.
ആലത്തൂർ കണ്ണന്പ്ര സുബീർ മൻസിൽ സുലൈമാൻ (58) ആണ് പിടിയിലായത്.
പുതുനഗരം പോലീസ് സ്റ്റേഷൻ പരിധിയായ കൊടുവായൂരിൽ കഴിഞ്ഞമാസം ഒരു വീട് കുത്തിത്തുറന്ന് ടിവിയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച നട ത്തിയിരുന്നു.സമീപകാലത്ത് പട്ടഞ്ചേരിയിൽ ഒരു വീട്ടിൽ നിന്നും ഒരു മോട്ടോർ സൈക്കിളും കളവു പോയിരുന്നു.
തമിഴ്നാട്ടിൽ മറ്റൊരു പേരിൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന സുലൈമാനെ ഏറെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ ആലത്തൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
പുതുനഗരം സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആദംഖാന്റ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.അജിത്ത്, എസ്സിപിഒ മണികണ്ഠൻ, സന്തോഷ്, സിപിഒമാരായ സുജീഷ്, രതീഷ്, ലിതീഷ്, ദിലീപ്. എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ കണ്ടെത്തിയത്.