അന്തിക്കാട്/മുളങ്കുന്നത്തുകാവ്: ഡോക്ടറുടെ സ്കൂട്ടറുമായി കടന്ന ഹോംനഴ്സിനെ വീണ് പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പരിശോധനയ്ക്കിടെ രേഖകൾ ചോദിച്ചപ്പോൾ പെട്ടന്ന് ഓടിച്ചുപോകാൻ ശ്രമിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ഇവരെ പോലീസ് തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശിനി സുമതിയാണ് മോഷ്ടിച്ച സ്കൂട്ടറുമായി പോലീസിന്റെ പിടിയിലായത്.
പഴുവിൽ സെന്റ ആന്റണിസ് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. കെ.എം. ബാബുവിന്റെ സകൂട്ടറാണ് മാങ്ങാട്ടുകര വഴിയന്പലത്തിനു സമിപത്തെ മൂത്തേടത്തറ രാജീവിന്റെ വീട്ടിൽ നിന്നും മോഷണം പോയത്. ഇവിടെ ഇവരുടെ മാതാവിനെ ഫിസിയോ തെറാപ്പി നടത്താൻ എത്തിയതായിരുന്നു ഡോക്ടർ. ഫിസിയോ തെറാപ്പിക്കു ശേഷം സ്കൂട്ടർ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വീട്ടിലെ ഹോം നേഴ്സിനെയും കാണാതായത് ശ്രദ്ധയിൽ പ്പെട്ടത്.
പിന്നീട് പോലീസിൽ പരാതി നൽകി. അഞ്ച് ദിവസം മുന്പാണ് യുവതി മാങ്ങാട്ടുകരയിലെ വീട്ടിൽ ജോലിക്കെത്തിയത്. ഇന്നലെ വൈകീട്ട് വെളപ്പായ ആരോഗ്യ സർവകലാശാല റോഡിൽ വച്ചാണ് യുവതി കുടുങ്ങിയത്. വാഹന പരിശോധനയിൽ സ്കൂട്ടർ ഓടിച്ചു വന്ന സ്ത്രീയോട് വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ഉടനെ തന്നെ വാഹനമെടുത്ത് ഓടിച്ചു പോകുകയായിരുന്നു.
വാഹനം പെട്ടെന്ന് എടുത്ത് പോകുന്നതിനിടയിൽ ബാലൻസ് തെറ്റി വീണു. സ്ത്രീക്ക് കാലിനും മുഖത്തും നിസാര പരിക്കേൽക്കുകയും ചെയതു. സംശയം തോന്നിയ പോലീസുകാരൻ ശ്രീകുമാർ സ്കൂട്ടറിന്റെ നന്പർ പോലീസ് സ്റ്റേഷനുകളിലേക്ക് അറിയിച്ചപ്പോൾ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്നന് കണ്ടെത്തി. വിവരമറിഞ്ഞ് രാത്രി തന്നെ അന്തിക്കാട് പോലീസ് മെഡിക്കൽ കോളജിലെത്തി.
യുവതിയെ ഡിസ്ചാർജ് ചെയ്യുന്നതോടെ കസ്റ്റഡിയിലെടുക്കും. മുന്പും നിരവധി കേസുകളിൽ യുവതി പ്രതിയാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ യുവതിയെ പാലക്കാടുള്ള വീട്ടുകാർ കയറ്റിയിരുന്നില്ല. ഇതേ തുടർന്ന് ത്യശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും ത്യശൂർ നഗരത്തിലുമായി കഴിഞ്ഞ് വരികയായിരുന്നു.
ഇവർ ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കുന്പോൾ പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കളാണ് നോക്കുന്നത്. മുന്പ് മെഡിക്കൽ കോളജ് ആശുപത്രിയിലും യുവതി തട്ടിപ്പിനു ശ്രമിച്ചതായി സൂചനകൾ ഉണ്ട്. മാന്യമായി വസ്ത്രം ധരിച്ചും സ്വർണാഭരണങ്ങളും അണിഞ്ഞും എത്തുന്ന യുവതിയെ ആരും തെറ്റിദ്ധരിച്ചിരുന്നില്ല.