ചേർത്തല: യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ സുമേഷ് (36) മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്. മോഷണ കേസിൽ ശിക്ഷകഴിഞ്ഞ് മൂന്നുമാസം മുന്പാണ് സുമേഷ് ജയിലിൽ നിന്നിറങ്ങിയത്. ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം.
അയൽപക്കത്തെ ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നം പരിഹരിക്കാൻ ചെന്ന വയലാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് കളവംകോടം വരേകാട് കൊല്ലപള്ളിയിൽ മുക്കുടിത്തറ വാസുവിന്റെ മകൻ ജയൻ (42) ആണ് മരിച്ചത്.
സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:ഭാര്യ ശശികലയുമായി സുമേഷ് നിരന്തരം വഴക്കിട്ടിരുന്നു. ഇതിൽ അയൽവാസിയായ ജയൻ ഇടപെടുന്നതിൽ ഇതിനുമുന്പും ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെയും സുമേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയപ്പോൾ ഭാര്യ അറിയിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ എത്തിയ ജയനെ റോഡിൽ വച്ച് ഇരുന്പുവടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു.
തലയ്ക്കടിയേറ്റ് റോഡിൽ കിടന്നിരുന്ന ജയനെ ചേർത്തലയിൽ നിന്നും പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജയൻ പത്രവിതരണക്കാരനും മരംവെട്ട് തൊഴിലാളിയുമാണ്. വണ്ടാനം മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ മൃതദേഹ പരിശോധന നടത്തി.
വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊലക്കുശേഷം മുങ്ങിയ സുമേഷിനെ പട്ടണക്കാട് സ്റ്റേഷൻ അതിർത്തിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ചേർത്തല ഇൻസ്പക്ടർ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അമ്മ : ലീല. സഹോദരി: സിന്ധു.