തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ തമിഴ്നാട് മാർത്താണ്ഡം സ്വാദേശി നൗഷാദ് എന്ന് വിളിക്കുന്ന സുന്ദർരാജ് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. 2010 എപ്രിലിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻ ചീഫ് സെക്രട്ടറിയുടെ വീട്ടിൽ നടന്ന മോഷണകേസിലാണ് ഇപ്പോൾ ഇയാൾ അറസ്റ്റിലായത്.
1996 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ പരവൂർ, ആലപ്പുഴ, ചങ്ങനാശേരി, ചെങ്ങന്നൂർ, തമിഴ്നാട്ടിലെ മാർത്താണ്ഡം, നാഗർകോവിൽ, ഇരണിയൽ ,കന്യാകമാരി, തക്കല എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അൻപതോളം വീട് കവർന്ന കേസുകളിലെ പ്രതിയാണ് പിടിയിലായ സുന്ദർരാജ്.
പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ട് വെച്ച ശേഷം രാത്രി വീടിന്റെ മുൻവാതിൽ ലോറിയുടെ ജാക്കി ലിവർ ഉപയോഗിച്ച് തകർത്താണ് ഇയാൾ മോഷണം നടത്തുന്നത്. തിരുവനന്തപുരം സിറ്റിയിൽ മോഷണം നടന്നുന്ന തമിഴ് മോഷ്ടക്കളെ പിടികൂടുന്നതിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘം ആണ് സുന്ദർരാജിനെ പിടികൂടിയത്.
ഈ കഴിഞ്ഞ രണ്ട് ആഴ്ചയക്കുള്ളിൽ കുപ്രസിദ്ധരായ കവർച്ച സംഘത്തലവന്മാരായ ത്യാഗരാജൻ, രാസാത്തി എന്ന രമേശ് എന്നിവർ ഷാഡോ സംഘത്തിന്റെ പിടിയിലായിരുന്നു. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ സ്പർജൻകുമാറിന്റെ നിർദേശ പ്രകാരം കണ്ട്രോൾ റൂം എസിപി വി.സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ ഫോർട്ട് എസ്ഐ ഷാജിമോൻ, ക്രൈം എസ്ഐ വിജയൻ ഷാഡോ എസ്ഐ സുനിൽ ലാൽ, ഷാഡോ ടിം അംഗങ്ങൾ, ഫിംഗർപ്രിന്റ് എക്സ്പെർട്ട് എസ്. അരുണ്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്കിയത്.