കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിന് സമീപം വീട് കുത്തിത്തുറന്ന് എട്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച പ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര മലയന്‍കീഴ് മേപ്രക്കുഴി വടക്കേതില്‍ സുനില്‍ ഗുപ്ത (42) മോഷണം നടത്തുന്നത് കൈയിൽ കിട്ടുന്ന ആയുധം ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന്.
മോഷണം നടത്തി സര്‍വസാധനങ്ങളും എടുത്തുകൊണ്ടുപോകുന്നതാണ് ഇയാളുടെ രീതി. ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രതി കൂടുതലും സ്വര്‍ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് വീടുകളില്‍ നിന്നും മോഷ്ടിക്കുക.
മരട് പോലീസ് ഇന്നലെ പളനിയില്‍നിന്നും സുനിലിനെ അറസ്റ്റു ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.
വൈറ്റില ഹബിനടുത്ത് ആര്‍എസ്എസി റോഡിലുള്ള വിദേശമലയാളിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും, വിദേശകറന്‍സികളും, വിദേശവാച്ചുകളും ഉള്‍പ്പടെ എട്ടു ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കേസുകളില്‍ പിടിക്കപ്പെട്ട് ജയിലിലായാലും പുറത്തിറങ്ങി ഉടന്‍ അടുത്ത മോഷണം നടത്തും.
വൈറ്റിലയിലെ വീട്ടില്‍ നിന്നും എട്ട് വാച്ചുകളാണ് ഇയാള്‍ കവര്‍ന്നത്. സ്വന്തമായി വീടില്ലാത്ത പ്രതി ലോഡ്ജുകളില്‍ റൂമെടുത്ത് താമസിച്ച് പകല്‍ സമയങ്ങളില്‍ ആള് താമസമില്ലാത്ത വീട് കണ്ടുവയ്ക്കും.
രാത്രി മോഷ്ടിക്കാനെത്തുന്ന ഇയാള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് മാത്രമാണ് മോഷണം നടത്തിയിരുന്നത്. വൈറ്റിലയിലെ മോഷണത്തിന് ശേഷം മോഷണമുതലുകളില്‍ കുറച്ചുഭാഗം കോഴിക്കോട് വിറ്റതിന് ശേഷമാണ് പ്രതി ബാക്കി മുതലുകള്‍ വില്‍ക്കുന്നതിനായി പളനിയില്‍ എത്തിയത്.
ഇവിടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതി ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം പളനിയിലെത്തി ഇയാള്‍ താമസിച്ചുവന്നിരുന്ന ലോഡ്ജ് റൂം റെയ്ഡ് ചെയ്തു.
പോലീസ് എത്തിയതറിഞ്ഞ് ഒന്നാം നിലയില്‍നിന്നും ചാടി രക്ഷപെട്ടോടിയ പ്രതിയെ പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.