തൊടുപുഴ: അപമര്യാദയായി പെരുമാറിയ യുവാവ് വനിത പോലീസുകാരിയുടെ കൈയുടെ ചൂടു നന്നായി അറിഞ്ഞതിനു പിന്നാലെ റിമാൻഡിലായി. തൊടുപുഴയിൽ നടന്ന കാർഷിക മേളയുടെ സമാപന ദിവസമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവിൽ പോലീസ് ഓഫീസറോട് യുവാവ് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തത്.
യുവാവിനെ കൈയോടെ പിടികൂടിയപ്പോൾ തന്നെ വനിത പോലീസ് ഉദ്യോഗസ്ഥ ചെറുതായി കൈകാര്യം ചെയ്യുകയും ചെയ്തു. കരിമണ്ണൂർ തേക്കനാൽ സുനിലാണ് (25) ഞായറാഴ്ച തൊടുപുഴ പോലീസ് പിടിയിലായത്. കാർഷിക മേളയുടെ സമാപന ദിവസമായ ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മേള നഗരിയിൽ തിരക്ക് നിയന്ത്രിക്കുന്നതിനിടെ വനിതാ പോലീസുകാരിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.
ഏറെ നേരം പിന്നാലെ കറങ്ങി നടന്നതിനു ശേഷമാണ് ഇയാൾ ഇവരെ ഉപദ്രവിച്ചത്. ഉടൻ തന്നെ ഇവർ പ്രതിയെ സാഹസികമായി കൈയോടെ പിടികൂടി. ബലമായി പിടിച്ചു വച്ച് മറ്റ് പോലീസുകാരെ വിവരമറിയിച്ചതോടെ ഇവരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.