ചെങ്ങന്നൂർ: നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്പിച്ചസംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. ഓട്ടോ ഡ്രൈവറായ ചെങ്ങന്നൂർ കീഴ്ചേരിമേൽ കുളങ്ങരയ്ക്കൽ സുരേഷ് കുമാർ (ഉണ്ണി-43) ആണ് ഭാര്യ മഞ്ജുള (ബിജി-38)യെ വെട്ടുകത്തി കൊണ്ടുവെട്ടി പട്ടാപ്പകൽ റോഡിൽവച്ചു മാരകമായി പരിക്കേല്പിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ റെയിൽവേ സ്റ്റേഷനു പുറകിലുള്ള റോഡിൽ കല്ലുമടത്തിൽ വീടിനു സമീപം വച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ രണ്ടു മാസമായി മഞ്ജുള ഭർത്താവുമായി പിണങ്ങി പിതൃസഹോദരിയുടെ വീടായ ചെങ്ങന്നൂർ തിട്ടമേൽ കോതാലിൽ ഉഴത്തിൽ താമസിക്കുകയായിരുന്നു. ഇവിടെനിന്നും ഇവർ തയ്യൽ ജോലിക്കുവേണ്ടി പുത്തൻ വീട്ടിൽപടി ഭാഗത്തേക്കു നടന്നു പോകുന്പോൾ കുറ്റിക്കാട്ടിൽ പതിയിരുന്നു ഇവരെ ഇയാൾ ആക്രമിക്കുകയായിരുന്നു.
വെട്ടുകത്തികൊണ്ട് തലയ്ക്കു പിറകിലും ഇരുകൈകൾക്കും കാലിനും വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തിനു മുകളിലുള്ള റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന ആളുകൾ മഞ്ജുളയുടെ നിലവിളികേട്ട് ഉണ്ണിയെ കല്ലെറിഞ്ഞു ഓടിക്കുകയായിരുന്നു. കല്ലേറിൽ ഉണ്ണിക്കു പരിക്കേറ്റിട്ടുണ്ട്. മഞ്ജുളയുടെ തലയ്ക്കു ഗുരുതരമായ പരിക്കുണ്ട്. രണ്ടു കൈകൾക്കും പൊട്ടലുണ്ട്, വലതുകാൽ മുട്ടിനും പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.സംഭവത്തിനു ശേഷം സുരേഷ് വെട്ടുകത്തിയുമായി ചെന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവർക്കു രണ്ടു കുട്ടികളുണ്ട്. മദ്യലഹരിയിൽ ഇയാൾ സ്ഥിരമായി ഭാര്യയുമായി കലഹിക്കാറുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.