കാട്ടാക്കട: മകളെ സ്ഥിരമായി ശല്യം ചെയ്യുകയും അസഭ്യം പറയുകയും അശ്ലീല ചേഷ്ഠകൾ കാട്ടുകയും ചെയ്ത യുവാവിനെ താക്കീത് ചെയ്ത മാതാവിനെ യുവാവ് ആയുധം കൊണ്ടും തടി കഷണം കൊണ്ടും തലയ്ക്കടിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇവർ ചികിൽസയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ആണ് മലയിൻകീഴ് സ്റ്റേഷനിലെ മൂങ്ങോട് ഭാഗത്ത് സംഭവം നടന്നത്. മൂങ്ങോട് പള്ളി നട സ്വദേശി ബാബു എന്നു വിളിക്കുന്ന സുരേഷ് കുമാർ (42) മൂങ്ങോട് സ്വദേശിനിയായ വീട്ടമ്മയെ തലയിൽ അടിക്കുകയായിരുന്നു.
സ്ഥിരമായി സുരേഷ് ഇവരുടെ മകളെ ശല്യപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മലയിൻകീഴ് പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ സ്ഥിരം ശല്യക്കാരനാണെന്ന് പോലീസ് പറയുന്നു. ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും