പുന്നയൂർക്കുളം: മകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയതിനെ തുടർന്ന് മകളുടെ മാതാപിതാക്കൾ യുവതിയെ കൊണ്ടുപോയ യുവാവിന്റെ കാർ കത്തിപ്പിച്ചു.
സംഭവത്തിൽ മാതാവും കാര്യസ്തനും അറസ്റ്റിലായി. തടിക്കാട് സ്വപ്ന നിവാസിലെ സ്വപ്ന ശ്രീകുമാർ (43), ഇവരുടെ വീട്ടിലെ കാര്യസ്തനായ തടിക്കാട് കാഞ്ഞങ്ങാട്ട് വീട്ടിൽ പ്രജീഷ് (32) എന്നിവരെയാണ് പെരുന്പടപ്പ് എസ്ഐ വി.വിനോദും സംഘവും അറസ്റ്റുചെയ്തത്.
സ്വപ്നയുടെ ഭർത്താവും എറണാകുളം സ്വദേശിയുമായ ശ്രീകുമാറും അറസ്റ്റിലായ പ്രജീഷിന്റെ കൂട്ടുകാരായ സജീഷും പിടികിട്ടാപ്പുള്ളികളാണ്. അറസ്റ്റിലായ പ്രജീഷിന്റെ കൂട്ടുകാരനായ തടിക്കാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ സജീഷ് (26), പ്രജീഷുമാണ് കാർ പെട്രോളൊഴിച്ച് കത്തിച്ചത്. മൂന്നുമാസങ്ങൾക്കുമുന്പാണ് കാർ കത്തിച്ച സംഭവം നടന്നത്. വെളിയംകോട് ചേക്കുമുക്കിൽ പന്തായിൽ വീട്ടിൽ ഹരിദാസിന്റെ മകൻ കമൽദാസിന്റെ വീട്ടുമുറ്റത്ത് ഇട്ടിരുന്ന കാറാണ് സജീഷും പ്രജീഷും കൂടി കത്തിച്ചത്.
വീട്ടിലെ ജോലിക്കായി കമൽദാസിനെക്കൂടി സ്വപ്നവിഹാറിൽ നിർത്തിയിരുന്നു. ഇതുവഴിയാണ് ഇവരുടെ മകൾ കമൽദാസുമായി അടുപ്പത്തിലാവുകയും കമൽദാസിന്റെ കൂടെ ഇറങ്ങിപ്പോവുകയും ചെയ്തത്. ഇതിന്റെ പ്രതികാരം തീർക്കാനാണ് മാതാപിതാക്കൾ വീടു കത്തിക്കാനായി ഇവരെ ഏർപ്പെടുത്തിയത്. എന്നാൽ ഇവർ വീടുമുറ്റത്ത് കിടന്ന കാറിനു തീകൊടുത്ത് ഇറങ്ങിപ്പോരുകയാണുണ്ടായത്.
മൂന്നുമാസംമുന്പ് നടന്ന സംഭവം അന്വേഷണം വഴിമുട്ടി നിൽക്കവേ പ്രതികൾ ഉപയോഗിച്ച് ഫോണ് വഴി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പോലീസിന്റെ അന്വേഷണത്തെ തുടർന്ന് പ്രതിയായ ശ്രീകുമാർ വിദേശത്തേക്കു പോയെന്നും മറ്റൊരു പ്രതിയായ സജീഷ് ഒളിവിലാണെന്നും പോലീസ് പറഞ്ഞു. പ്രജീഷിനെ കോടതി റിമാൻഡ് ചെയ്തു. പ്രേരണകുറ്റത്തിലെ പ്രതിയായ സ്വപ്നയെ ജാമ്യത്തിൽ വിടുകയും ചെയ്തു.